Asianet News MalayalamAsianet News Malayalam

'ത്രിവര്‍ണ പതാകയെ അപമാനിച്ചത് രാജ്യം പൊറുക്കില്ല'; പ്രതികരണവുമായി കേന്ദ്രം

കര്‍ഷക സമരത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും മന്ത്രി കുറ്റപ്പെടുത്തി. ആക്രമണ സംഭവങ്ങള്‍ക്ക് പ്രേരണയായത് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകളായിരുന്നെന്നും കര്‍ഷക സമരത്തിന് പിന്തുണ നല്‍കുന്നില്ലെങ്കിലും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
 

India Won't Tolerate Insult Of National Flag At Red Fort; Minister says
Author
New Delhi, First Published Jan 27, 2021, 11:15 PM IST

ദില്ലി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സമരത്തിനിടെയുണ്ടായ സംഭവങ്ങളില്‍ ആദ്യമായി പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍. സംഭവത്തെ അപലപിക്കാന്‍ കഴിയില്ലെന്നും ആക്രമണത്തിന് പിന്നിലുള്ള എല്ലാവര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാകയെ അപമാനിച്ചതില്‍ രാജ്യം പൊറുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രക്ഷോഭകര്‍ ചെങ്കോട്ടയില്‍ കയറി സിഖ് മതത്തിന്റെ കൊടി നാട്ടിയ സംഭവത്തെ സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. കര്‍ഷക സമരത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും മന്ത്രി കുറ്റപ്പെടുത്തി.

ആക്രമണ സംഭവങ്ങള്‍ക്ക് പ്രേരണയായത് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകളായിരുന്നെന്നും കര്‍ഷക സമരത്തിന് പിന്തുണ നല്‍കുന്നില്ലെങ്കിലും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. സിഎഎ വിരുദ്ധ സമരത്തിനിടിയിലും സമാന സംഭവമുണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു. പൊലീസ് മര്‍ദനത്തിലാണ് കര്‍ഷകന്‍ മരിച്ചതെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അക്രമത്തിന് കാരണമായി. അക്രമം പ്രശ്‌നത്തിന് പരിഹാരമല്ലെന്ന് രാഹുല്‍ ഗാന്ധി മനസ്സിലാക്കണം. കര്‍ഷക സമരത്തില്‍ പരിഹാരം കാണണമെന്ന് കോണ്‍ഗ്രസിന് ആഗ്രഹമില്ലെന്നും പ്രകാശ് ജാവഡേക്കര്‍ കുറ്റപ്പെടുത്തി. 

കര്‍ഷക സംഘടനകള്‍ ദില്ലിയില്‍ നടത്തിയ മാര്‍ച്ചിനിടെ വലിയ ആക്രമണമാണ് ഉണ്ടായതെന്ന് ദില്ലി പൊലീസ് കമ്മീഷണര്‍ എസ്.എന്‍.ശ്രീവാസ്തവയും കുറ്റപ്പെടുത്തിയിരുന്നു.റാലിയുടെ മുന്‍നിരയിലേക്ക് ഭീകരവാദ ശക്തികള്‍ നുഴഞ്ഞു കയറാനും അക്രമം അഴിച്ചുവിടാനും കര്‍ഷക സംഘടനകളും നേതാക്കളും അവസരമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 25 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 394 പൊലീസുകാര്‍ക്കാണ് കര്‍ഷകരുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കുറ്റക്കാരായ കര്‍ഷക നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകും. കേസുമായി ബന്ധപ്പെട്ട് 19 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൈം ബ്രാഞ്ചും, ജില്ലാ പൊലീസ് മേധാവികളും ചേര്‍ന്ന് കലാപത്തിലെ കേസുകളില്‍ അന്വേഷണം നടത്തും.

Follow Us:
Download App:
  • android
  • ios