ദില്ലി: ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് യുവാക്കളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്‍ക്കായി അതിര്‍ത്തിയിലേക്ക് യാത്ര സംഘടിപ്പിച്ച് ഇന്ത്യന്‍ ആര്‍മി. കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിക്കുന്ന 50 വിദ്യാര്‍ത്ഥികളെയാണ് ഉത്തരാഖണ്ഡിലെ അതിര്‍ത്തി പ്രദേശത്തേക്കുള്ള യാത്രയില്‍ പങ്കെടുപ്പിക്കുന്നത്. 

പഞ്ച്ഷുള്‍ ബ്രിഗേഡ് ടൂര്‍ എന്ന ഏജന്‍സിയുടെ സംരക്ഷണത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. സൈനികര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അവരുടെ ജീവിതരീതിയും കുട്ടികള്‍ മനസ്സിലാക്കുക എന്നതാണ് പദ്ധതിയ്ക്ക് പിന്നിലെ ലക്ഷ്യമെന്ന് ആര്‍മി അധികൃതര്‍ വ്യക്തമാക്കി.

യുവതലമുറയെ മികച്ച പൗരന്‍മാരാക്കുന്നതിനും സൈന്യത്തില്‍ ചേരാനുള്ള താത്പര്യം വര്‍ധിപ്പിക്കുന്നതിനും യാത്ര സഹായിക്കുമെന്നും അധികൃതര്‍ പറഞ്ഞു. മേയ് 19- ന് യാത്ര അവസാനിക്കും. 

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈന്യമാണ് ഇന്ത്യന്‍ ആര്‍മി. ചൈനയാണ് സൈന്യത്തിന്‍റെ വലിപ്പത്തില്‍  ഇന്ത്യയ്ക്ക് മുമ്പിലുള്ളത്.