നൺകുൻ മലനിരകളിൽ 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യം അതിസാഹസികമായ രക്ഷാപ്രവർത്തനം നടത്തി. ട്രക്കിങിനിടെ പരിക്കേറ്റയാളെ, പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കുത്തനെയുള്ള മഞ്ഞുമലയിൽ ഹെലികോപ്റ്റർ ഇറക്കി എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.
ശ്രീനഗർ: ലഡാക്കിലെ കാർഗിൽ മേഖലയിലുള്ള നൺകുൻ മലനിരകളിൽ 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം. ട്രക്കിങിനിടെ പരിക്കേറ്റയാളെ എയർലിഫ്റ്റ് ചെയ്യാൻ ദുർഘടമായ കുത്തനെയുള്ള മഞ്ഞുമലയിൽ ഹെലികോപ്റ്റർ ഇറക്കി. പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ചാണ് ആർമി ഏവിയേഷൻ പൈലറ്റുമാർ രക്ഷാപ്രവർത്തനം നടത്തിയത്. ലാൻഡിങ് സൗകര്യമില്ലാത്ത കുത്തനെയുള്ള മലഞ്ചെരുവിൽ അതീവ അപകടകരമായ വൺ-സ്കിഡ് ലാൻഡിങ് നടത്തുകയായിരുന്നു. അസാധ്യമെന്ന് തോന്നിയ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സേനയുടെ കൃത്യതയ്ക്കും ധീരതയ്ക്കും അഭിനന്ദനപ്രവാഹമാണ്.
ഹെലികോപ്റ്ററിന്‍റെ ഭാരം പരമാവധി കുറച്ചാണ് ഈ അതിസാഹസിക രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഇന്ധനം മാത്രം നിറച്ചു. മലഞ്ചെരുവായതിനാൽ വണ്‍-സ്കിഡ് ലാൻഡിങ് നടത്തിയാണ് പരിക്കേറ്റയാളെ ഹെലികോപ്റ്ററിലേക്ക് കയറ്റിയത്. ഉടനെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. പരിക്കേറ്റയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
