2016-ലെ ഉറി ആക്രമണം, തുടർന്ന് ഇന്ത്യൻ സൈന്യം നടത്തിയ ആദ്യത്തെ സർജിക്കൽ സ്ട്രൈക്ക്, 2017-ലുണ്ടായ പുൽവാമ ഭീകരാക്രമണം, തുടർന്ന് ബാലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ വ്യോമാക്രമണം എന്നിവയെത്തുടർന്ന് ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ നേരിയ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടായിരുന്നു. അടുത്തിടെ ചൈനയുമായുള്ള അതിർത്തിയിലും ചില്ലറ ഉന്തും തള്ളുമെല്ലാം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.  ഈ സാഹചര്യത്തിൽ, ഒരു മുൻ കരുതൽ എന്ന നിലയിൽ പാകിസ്ഥാനുമായുള്ള പടിഞ്ഞാറൻ അതിർത്തിയിലും, ചൈനയുമായുള്ള വടക്കുകിഴക്കൻ അതിർത്തിയിലും വേണ്ടത്ര പടക്കോപ്പുകൾ ശേഖരിച്ചുതുടങ്ങി ഇന്ത്യൻ സൈന്യം എന്നാണ് 'ദ പ്രിന്റ്' റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

പാക് അതിർത്തിയിൽ പത്തുദിവസത്തെ കടുത്ത യുദ്ധത്തിനും, ചൈനീസ് അതിർത്തിയിൽ മുപ്പതു ദിവസത്തെ കടുത്ത യുദ്ധത്തിനുമുള്ള പടക്കോപ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള കരുതൽ വെടിക്കോപ്പു ശേഖരത്തിന് 'വാർ വേസ്റ്റേജ് റിസർവ്' (WWR) എന്നാണ് പറയുക. ഇത്തരത്തിൽ പടക്കോപ്പുകൾ ശേഖരിക്കുന്നത് ഏറെ പണച്ചെലവുള്ള കാര്യമാണ് എന്നത് പലപ്പോഴും രാജ്യങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിക്കാറുണ്ട്. എന്നിരുന്നാലും യുദ്ധ ഭീഷണി നിലവിലുള്ള പ്രദേശങ്ങളിലെ രാജ്യങ്ങൾ അതിന് മടിക്കാറില്ല. 

ഉറി ആക്രമണത്തിന് ശേഷമാണ്  ആദ്യമായി പാകിസ്താനുമായി പത്തു ദിവസത്തെ കടുത്ത യുദ്ധം പ്രതീക്ഷിച്ചുകൊണ്ടുള്ള പടക്കോപ്പു ശേഖരം കരുതാൻ സൈന്യത്തിന് അനുമതി കിട്ടിയത്. അഥവാ യുദ്ധം ഉണ്ടാവുന്ന ഒഴിവാക്കാനാകാത്ത സാഹചര്യം ഉണ്ടായാൽ തന്നെ പത്തുദിവസത്തിനകത്ത് അത് ജയിക്കേണ്ടിയിരിക്കുന്നു. പത്തു ദിവസത്തിൽ കൂടുതൽ നീളുന്ന യുദ്ധം പാകിസ്താനുമായി നടത്തുന്നതിൽ കാര്യമില്ലെന്ന് ജനറൽ റാവത്ത് 'ദ പ്രിന്റി'നോട് പറഞ്ഞിരുന്നു. 

വെടിക്കോപ്പുകളുടെ അഭാവം എന്നും ഇന്ത്യൻ സൈന്യത്തെ അലട്ടുന്ന ഒന്നാണ്. അപ്രതീക്ഷിതമായി ഒരു യുദ്ധമുണ്ടായാൽ,  സൈന്യത്തിന്റെ പക്കൽ വേണ്ടത്ര അമ്യൂണിഷൻ കരുതലില്ലെങ്കിൽ പണി പാളും. വിചാരിച്ചതിലുമധികം ദിവസം യുദ്ധം നീണ്ടുപോയാൽ ആവനാഴിയിലെ വെടിക്കോപ്പുകൾ തീർന്നുപോകുന്ന അവസ്ഥ സംജാതമാകും. ചുരുക്കത്തിൽ വേണ്ടത്ര പടക്കോപ്പുകൾ റിസർവിൽ ഉണ്ടാവുക എന്നത് നമ്മുടെ സൈന്യത്തിന്റെ ആത്മബലത്തെ വരെ സ്വാധീനിക്കുന്ന ഒന്നാണ്. മുൻകാലങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ പടക്കോപ്പുശേഖരത്തിന്റെ പരിമിതി CAG റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. 

2016-ൽ ജനറൽ ബിപിൻ റാവത്ത് കരസേനാ മേധാവിയായപ്പോൾ, സൈന്യത്തിന്റെ വെടിക്കോപ്പുകളുടെ ശേഖരത്തിന്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു. സായുധ ടാങ്കുകളുടെ വളരെ നിർണ്ണായകമായ ഒരു പടക്കോപ്പാണ് APFSDS എന്നറിയപ്പെടുന്നത്. ഒരെണ്ണത്തിന് നാല് ലക്ഷം രൂപ മാത്രം വിലമതിക്കുന്ന ഇത് ടാങ്ക് ഒന്നിന് ഓരോന്നുവെച്ചുപോലും ഇല്ലായിരുന്നു സൈന്യത്തിന്റെ പക്കൽ. അതുപോലെ ആർട്ടിലറി ഷെല്ലുകളും ഫ്യൂസുകളും  വേണ്ടത്ര ഇല്ലായിരുന്നു. ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് പാക്കിസ്ഥാനെ യുദ്ധത്തിന് പ്രേരിപ്പിച്ചേക്കുമോ എന്ന സംശയമായിരുന്നു അത്തരത്തിൽ ഒരു കരുതൽ പടക്കോപ്പു ശേഖരണം നടത്താൻ പ്രേരണ. 

റഷ്യയും ഇസ്രയേലും പോലുള്ള പടക്കോപ്പ് സപ്ലൈ ചെയ്യുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യൻ സൈനികോദ്യോഗസ്ഥർ പ്രത്യേക വിമാനങ്ങളിൽ ചെന്നതായിരുന്നു കരാറുകൾ ഉറപ്പിച്ചത്. ആ പടക്കോപ്പുകളുടെ ഡെലിവറി അധികം താമസിയാതെ ഇന്ത്യയിലെത്തും. 2018നു ശേഷം സൈനിക മേധാവികളുടെ സാമ്പത്തികാധികാരങ്ങളിലും കാര്യമായ വർദ്ധനവ് സർക്കാരിന്റെ ഭാഗത്തുനിന്ന് വരുത്തിയിട്ടുണ്ട്.