ദില്ലി: ഇന്ത്യന്‍ സൈനികരെ കാണാതായെന്ന റിപ്പോര്‍ട്ട് തള്ളി കരസേന. അതിര്‍ത്തിയില്‍ സൈനികരെ കാണാതായിട്ടില്ല, കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും സേന പറഞ്ഞു. ചൈനീസ് അതിര്‍ത്തിയിലേക്ക് പോയ ഇന്ത്യന്‍ സൈനികരില്‍ ചിലരെ കാണാതായെന്ന അഭ്യൂഹം രണ്ട് ദിവസമായി ശക്തമായിരുന്നു. മലയിടുക്കിലും നദിയിലേക്കും വീണ് സൈനികരെ കാണാതായെന്നായിരുന്നു പ്രചാരണം. ഇതിന് പിന്നാലെയാണ് കരസേന തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്. 

അതേസമയം ചൈനീസ് അതിര്‍ത്തിയിലേക്ക് പോയ സൈനികര്‍ നിരായുധരായിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിശദീകരിച്ചു. മുഖാമുഖം വരുമ്പോള്‍ ആയുധം ഉപയോഗിക്കാറില്ല. ഇത് ഏറെ നാളായുള്ള നിലപാടെന്നും എസ് ജയശങ്കര്‍ പറഞ്ഞു.  ആയുധമില്ലാതെ സൈനികരെ എന്തിന് അതിര്‍ത്തിയിലേക്ക് അയച്ചെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് വിദേശകാര്യമന്ത്രിയുടെ വിശദീകരണം. 
ചൈനീസ് സേനയുമായി മുഖാമുഖം വരുമ്പോള്‍ ആയുധം ഉപയോഗിക്കില്ലെന്ന ധാരണയില്‍ 1996 ലും 2005 ലും  ഒപ്പുവെച്ചിട്ടുണ്ട്. 

അതേസമയം അതിർത്തിയിൽ കൂടുതൽ പ്രദേശങ്ങളിൽ ചൈന പ്രകോപനം തുടരുകയാണ്. ഗൽവാനുപുറമെ ഗോഗ്രയിലും കൂടുതൽ സൈനികരെ ചൈന എത്തിച്ചു. തിങ്കളാഴ്ചത്തെ സംഘർഷത്തിൽ 75 ഓളം ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യ ചൈന വിദേശകാര്യമന്ത്രിമാർ തീരുമാനിച്ചത് ഈ മാസം ആറിന്‍റെ പിൻമാറാനുള്ള ധാരണ നടപ്പാക്കാനാണ്. എന്നാൽ ചൈന കൂടുതൽ മേഖലകളിൽ പ്രകോപനം ഉണ്ടാക്കുകയാണ്. ഗൽവാൻ താഴ്വരയ്ക്കുമേൽ അവകാശവാദം ഉന്നയിച്ച ചൈനീസ് സേന ഗോഗ്ര മേഖലയിലും കൂടുതൽ സൈനികരെ എത്തിച്ചു. രണ്ടു കിലോമീറ്ററെങ്കിലും ഇവിടെയും ഇന്ത്യൻ മേഖലയിലേക്ക് ചൈന കടന്നു കയറിയിട്ടുണ്ട് എന്ന സൂചനകളാണ് പുറത്തു വരുന്നത്.