Asianet News MalayalamAsianet News Malayalam

കാലിൽ നിരീക്ഷണ ക്യാമറ, പൊസിഷനിംഗ് സിസ്റ്റം ട്രാക്കർ; ശത്രു ഡ്രോണുകളെ തകർക്കാൻ പരുന്തുകളുടെ പ്രത്യേക സ്ക്വാഡ്

ശത്രു ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യൻ സൈന്യം പരുന്തുകളുടെ പ്രത്യേക സ്വക്വാഡ് രൂപീകരിക്കുന്നു

Indian Army forms special squadron of Eagle  to destroy enemy drones
Author
First Published Dec 2, 2022, 9:36 AM IST

ദില്ലി: ശത്രു ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യൻ സൈന്യം പരുന്തുകളുടെ പ്രത്യേക സ്വക്വാഡ് രൂപീകരിക്കുന്നു. ഉത്തരാഖണ്ഡിലെ ഔലി മിലിട്ടറി സ്റ്റേഷനിൽ നടന്ന ഇന്ത്യ - യുഎസ് സംയുക്ത സൈനിക അഭ്യാസത്തിലാണ്  പരുന്തുകളുടെ അഭ്യാസം ആദ്യമായി അവതരിപ്പിച്ചത്. അടുത്തകാലത്ത് നിരവധി ഡ്രോൺ നുഴഞ്ഞുകയറ്റ കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സൈന്യത്തിന്‍റെ പുതിയ പദ്ധതി. 

കാലിൽ ഘടിപ്പിച്ച നിരീക്ഷണ ക്യാമറയും ജിയോ പൊസിഷനിംഗ് സിസ്റ്റം ട്രാക്കറുമായി പറക്കുന്ന ഒരു പരുന്തിനെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. പിന്നീട് ചില ദൃശ്യങ്ങളും പുറത്ത് വന്നു.  ഇത് ഇന്ത്യയുടെ വടക്കൻ, പടിഞ്ഞാറൻ അതിർത്തിയില്‍  മീററ്റ് ആസ്ഥാനമായുള്ള റിമൗണ്ട് വെറ്ററിനറി കോർപ്സ് സെന്‍ററില്‍ കരസേന പരിശീലിപ്പിക്കുന്ന അര്‍ജുൻ എന്ന പരുന്താണ്.  സൈന്യത്തിന്‍റെ പക്കലുള്ള ഡ്രോണിനെ ആക്രമിച്ച് വീഴ്ത്തിയാണ് ഇന്തോ യുഎസ് സംയുക്ത സൈനീകാഭ്യാസത്തില്‍  അര്‍ജുൻ താരമായത്.ഇത്തരത്തില്‍ ശത്രു ഡ്രോണുകളെ വീഴ്ത്താന്‍ പരിശീലനം ലഭിച്ച ഈ പരുന്തുകള്‍ക്ക് സാധിക്കും എന്നാണ് ഇന്ത്യന്‍ സൈന്യം പറയുന്നത്. 

ഇതുപോലെ നിരവധി പരുന്തുകളെ സൈന്യം അതിര്‍ത്തിമേഖലകളില്‍ പരിശീലിപ്പിക്കുന്നുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ ഇവയെ ചൈന, പാക് അതിര്‍ത്തികളില്‍ വിന്ന്യസിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.പാകിസ്ഥാനില്‍ നിന്നും ആയുധങ്ങളും വ്യാജ നോട്ടുകളും  കശ്മീരിലേക്ക് ഡ്രോണ്‍ ഉപയോഗിച്ച് കടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൈന്യത്തിന്റെ പുതിയ നീക്കം.പക്ഷികളുടെ തലയില്‍  ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിലൂടെ ദൃശ്യങ്ങളും റെക്കോര്‍ഡ് ചെയ്യാനാകും.

പറക്കുന്ന വസ്തുവിനെ ആക്രമിക്കാൻ സഹജമായ വാസനയുള്ള പ്രത്യേക പക്ഷി വിഭാഗമാണ് ഇവ.ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട പട്ടികള്‍ നേരത്തെ തന്നെ സൈന്യത്തിന്‍റെ പക്കലുണ്ട്..പറക്കുന്ന വസ്തുവിനെ കുറിച്ച് സൈന്യത്തിന് മുന്നറിയിപ്പ് നൽകുന്ന തരത്തിൽ പരിശീലിപ്പിച്ച ഈ നായ്ക്കളുടെ സഹായത്തോടെയാകും പരുന്തുകളെ ഉപയോഗിക്കുക.

Read more: പാക് ഡ്രോണുകളെ തറപറ്റിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് പുത്തനായുധം-പരുന്തുകള്‍!

2020 മുതലാണ്  സൈന്യം പ്രത്യേക വിഭാഗത്തില്‍പെട്ട പരുന്തുകളേയും കഴുകൻമാരേയും  പരിശീലിപ്പിക്കാൻ തുടങ്ങിയത്. പക്ഷികള്‍ക്ക് പരിശീലനം നല്‍കി സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ലോകത്ത് ഇതാദ്യമല്ല. 2016 മുതല്‍ ഡച്ച് പൊലീസ്, ഡ്രോണുകള്‍ കണ്ടെത്താനും നശിപ്പിക്കാനുമായി കഴുകന്‍മാരെ ഉപയോഗിക്കുന്നുണ്ട്.. അമേരിക്കയും ചൈനയും വിവിധ പക്ഷികളെ സൈനീക ആവശ്യത്തിനായി ഉപയോഗിക്കുന്നു

Follow Us:
Download App:
  • android
  • ios