ഇന്ന് പുലര്‍ച്ചെ 1.44നായിരുന്നു പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള 9 ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈനിക നീക്കം
ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' വ്യോമാക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ ആര്‍മി. അബ്ബാസ് ഭീകര താവളത്തില്‍ ഇന്ത്യന്‍ സൈന്യം വ്യോമാക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ ആര്‍മി വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. പാക് ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്‌ബ സൂയിസൈഡ് ബോംബര്‍മാരെ സൃഷ്ടിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന നിര്‍ണായക താവളമാണ് അബ്ബാസ് ഭീകരവാദി കേന്ദ്രമെന്ന് ഇന്ത്യന്‍ ആര്‍മി പറയുന്നു. പാക് അധീന കശ്‌മീരിലെ കോട്‌ലിയിലാണ് ഈ ഭീകര പരിശീലന കേന്ദ്രം സ്ഥിതിചെയ്തിരുന്നത്.
ഇക്കഴിഞ്ഞ ഏപ്രിൽ 22ന് ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 25 ഇന്ത്യക്കാര്‍ക്കും ഒരു നേപ്പാളി പൗരനും ജീവന്‍ നഷ്ടമായിരുന്നു. അതിസുന്ദരമായ പഹല്‍ഗാം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് പാക് ഭീകരര്‍ വെടിയുതിര്‍ത്തത്. ഭീകരാക്രമണത്തില്‍ ഒരു മലയാളിക്കും ജീവന്‍ നഷ്ടമായി. പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ചുട്ട മറുപടി നല്‍കുമെന്ന് അന്നേ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെ പാക് ഭീകര പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ ശക്തമായ മറുപടി നല്‍കി. പാക് അതിര്‍ത്തിക്കുള്ളില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ഇന്ത്യ നടത്തിയ ഏറ്റവും വലിയ സൈനിക നീക്കമായി മാറി 9 പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഈ ഓപ്പറേഷന്‍ സിന്ദൂര്‍.
ഇന്ന് പുലര്‍ച്ചെ 1.44നായിരുന്നു പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള 9 ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സംയുക്ത സേനാ വിഭാഗങ്ങളുടെ വ്യോമാക്രമണം. ജയ്ഷെ, ലഷ്കർ, ഹിസ്‌ബുള്‍ ഭീകര താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ കനത്ത പ്രത്യാക്രമണം. അബ്ബാസ് ഭീകര താവളത്തിന് (മർകസ് അബ്ബാസ്) പുറമെ മർകസ് സുബ്ഹാനല്ല, മർകസ് ത്വയ്ബ, സർജാൽ/തെഹ്റ കലാൻ, മഹ്‍മൂന ജൂയ, മർകസ് അഹ്‍ലെ ഹദീസ്, മസ്കർ റഹീൽ ഷാഹിദ്, ഷവായ് നല്ലാഹ്, മർകസ് സൈദിനാ ബിലാൽ എന്നീ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം ശക്തമായ വ്യോമാക്രമണത്തില്‍ ഇന്ന് പുലര്‍ച്ചെ തരിപ്പണമാക്കിയത്.


