ദില്ലി: ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ കുതിരപ്പട്ടാളങ്ങളിലൊന്നായ ഇന്ത്യയുടെ 61ാം കാവല്‍റി റജിമെന്‍റ് പകരമായ യുദ്ധ ടാങ്കുകള്‍ എത്തുന്നു. കുതിരപ്പട്ടാളത്തെ നീക്കി പകരം  ടാങ്കുകള്‍ വിന്യസിക്കാനാണ് നീക്കം. ചെലവ് കുറയ്ക്കലിന്‍റേയും ആക്രമണ ശേഷി വര്‍ധിപ്പിക്കുന്നതിന്‍റേയും ഭാഗമായാണ് നീക്കമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് തീരുമാനം പ്രാവര്‍ത്തികമാകും.

ലഫ്. ജനറല്‍ ഡി ബി ശേഖതര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് നീക്കം. ജയ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കുതിരപ്പട്ടാളത്തിന് ടി 72 ടാങ്കുകള്‍ പകരമായി എത്തും. 300 കുതിരകളാണ് 61ാം കാവല്‍റി യൂണിറ്റില്‍ ജയ്പൂരിലും ദില്ലിയിലുമായിയുള്ളത്. 25 വര്‍ഷത്തിലേറെയായി സൈനിക നടപടികള്‍ക്കൊന്നും ഈ യൂണിറ്റിനെ ഉപയോഗിക്കാറില്ല. ലോകത്ത് ഒരിടത്തുമുള്ള പോളോ മത്സരങ്ങളിലും ഈ യൂണിറ്റിനെ പങ്കെടുപ്പിക്കാറുമില്ല. യൂണിറ്റില്‍ കുതിരകളെ ഒഴിവാക്കുന്നതോടെ രാഷ്ട്രപതിയുടെ അംഗരക്ഷക വിഭാഗം മാത്രമാകും ശേഷിക്കുന്ന കുതിപ്പട്ടാളമെന്നാണ് റിപ്പോര്‍ട്ട്.

1953 ഒക്ടോബറിലാണ് ഈ സേനാവിഭാഗം രൂപീകൃതമായത്. റിപബ്ലിക് ദിന പരേഡില്‍ ഭാഗമാകുന്ന കുതിരപ്പട്ടാളം ഇതിനോടകം പദ്മശ്രീ, അര്‍ജുന പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. പോളോ ലോക കപ്പ് മത്സരത്തിലും ഈ യൂണിറ്റ് പങ്കെടുത്തിരുന്നു. 11 ഏഷ്യന്‍ ഗെയിംസ് മെഡലുകളാണ് ഈ കുതിരപ്പട്ടാളം രാജ്യത്തിനായി നേടിയിട്ടുള്ളത്. ചരിത്രത്തിന്‍റെ ഭാഗമായ യൂണിറ്റാണ് ഓര്‍മ്മയിലേക്ക് ചുരുങ്ങാന്‍ പോകുന്നത്. പഴയവയില്‍ നിന്ന് പുതിയവയിലേക്കുള്ള മാറ്റം അനിവാര്യമാണ് എന്നാലും കുതിരപ്പട്ടാളം പിരിച്ച് വിടുന്നത് വിഷമകരമാണെന്ന് സേനയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. സേനയുടെ പാരമ്പര്യത്തിന്‍റെ ഭാഗമായിരുന്ന കുതിരപ്പടയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നവരുണ്ട്. എന്നാല്‍ ചടങ്ങുകളില്‍ മാത്രമാണ് കുതിരപ്പടയുടെ ആവശ്യമുള്ളതെന്നും എതിര്‍വാദമുയര്‍ത്തുന്നവര്‍ പറയുന്നു.