അവളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. ഈ പ്രശ്നം സാംസ്കാരിക വ്യത്യാസങ്ങളുടേതാണ്. അവളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങളെ സഹായിക്കാൻ ഞങ്ങൾ പ്രധാനമന്ത്രി മോദിയോട് അഭ്യർഥിക്കുന്നു.
ദില്ലി: ജർമനിയിൽ സാങ്കേതിക കാരണങ്ങളാൽ കുടുങ്ങിക്കിടക്കുന്ന മൂന്ന് വയസ്സാകാരി മകളെ തിരിച്ചെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇടപെടണമെന്ന് ദമ്പതികൾ. ജർമനിയിൽ ജോലി ചെയ്തിരുന്ന ഗുജറാത്ത് സ്വദേശികളായ ഭാവേഷ് ഷായും ഭാര്യ ധാരാ ഷായുമാണ് അഭ്യർഥനയുമായി രംഗത്തെത്തിയത്. കളിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് മുറിവേറ്റതിനെ തുടർന്നാണ് ജർമനിയിലായിരുന്ന ഇന്ത്യൻ ദമ്പതികളിൽ നിന്ന് അധകൃതർ കുഞ്ഞിനെ അകറ്റിയത്. നിരപരാധിത്വം തെളിയിച്ചിട്ടും കുഞ്ഞിനെ വിട്ടുകിട്ടുന്നില്ലെന്നാണ് ദമ്പതികളുടെ പരാതി. കഴിഞ്ഞ ദിവസം ഇവർ മുംബൈയിൽ വാർത്താസമ്മേളനം നടത്തി. അവൾ ഇന്ത്യൻ കുഞ്ഞാണ്. അവൾക്ക് ഇന്ത്യൻ ഭാഷ അറിയണം, സാംസ്കാരിക പരിജ്ഞാനം നേടണം. പക്ഷേ ഞങ്ങളുടെ മകളോട് ഒരു കുറ്റവാളിയേക്കാൾ മോശമായാണ് ജർമൻ അധികൃതർ പെരുമാറുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അവളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. ഈ പ്രശ്നം സാംസ്കാരിക വ്യത്യാസങ്ങളുടേതാണ്. അവളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങളെ സഹായിക്കാൻ ഞങ്ങൾ പ്രധാനമന്ത്രി മോദിയോട് അഭ്യർഥിക്കുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഈ പ്രശ്‌നം പരിശോധിച്ച് ഞങ്ങളുടെ കുട്ടിയെ തിരികെ കൊണ്ടുവരാൻ ഞങ്ങളെ സഹായിക്കണം. പ്രധാനമന്ത്രി മോദിയുടെ കൈകളിൽ എത്തിയാൽ കാര്യങ്ങൾ പരിഹരിക്കപ്പെടുമെന്നും ദമ്പതികൾ പറഞ്ഞു.
കളിക്കുന്നതിനിടെ മകൾക്കേറ്റ ചെറിയൊരു പരിക്കിനെ ചൊല്ലിയാണ് ജർമ്മൻ സർക്കാർ കുഞ്ഞിനെ രക്ഷിതാക്കളിൽ നിന്ന് പിരിച്ചത്. ജർമ്മനിയിൽ നല്ലൊരു ജീവിതം സ്വപ്നം കണ്ട് കുടിയേറിയ ചെറുകുടുംബത്തിൽ പിറന്ന ആദ്യത്തെ കൺമണിയാണ് അരിഹ.
2021 സെപ്തംബറിലാണ് സ്വകാര്യ ഭാഗത്തിനടുത്ത് ചെറിയൊരു മുറിവ് കാണുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു ചികിത്സയും നൽകി. ദിവസങ്ങൾക്ക് ശേഷം രണ്ടാമത് ചെക്കപ്പിന് ചെന്നപ്പോഴാണ് ഡോക്ടർ ശിശുസംരക്ഷണ വകുപ്പിനെ വിളിച്ച് വരുത്തിയത്. പരിക്ക് സ്വകാര്യഭാഗത്തായതിനാൽ ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്ന് സംശയിക്കണമെന്നായി വാദം. കുഞ്ഞിന്‍റെ പിതൃത്വവും ചോദ്യം ചെയ്തു. പിന്നാലെ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. മുലപ്പാൽ കുടിക്കുന്ന കുഞ്ഞാണ്. അത് പോലും നിഷേധിച്ചു. പാൽ ശേഖരിച്ച് കുപ്പിയിലാക്കി നൽകാമെന്ന് പറഞ്ഞിട്ടുപോലും സമ്മതിച്ചില്ല.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തി. ഡിഎൻഐ ടെസ്റ്റ് ചെയ്ത് പിതൃത്വവും തെളിയിച്ചു. സംശയം ഉന്നയിച്ച ആശുപത്രി ഡോക്ടർമാരും നിലപാട് തിരുത്തി. കുഞ്ഞിനെ തിരികെ കിട്ടുമെന്നായപ്പോൾ അപ്പീൽ നൽകി കേസ് നീട്ടിക്കൊണ്ടു പോവാനാണ് ജർമ്മൻ സർക്കാർ ശ്രമിച്ചത്. മാസത്തിൽ ഒരിക്കൽ കുഞ്ഞിനെ ഏതാനും മിനിറ്റ് കാണാൻ മാത്രമാണ് അനുവാദമുള്ളത്. മകളോട് ഓരോ വട്ടവും യാത്ര പറയുമ്പോഴും അവൾ കയ്യിൽ പിടിച്ച് കരയും. ഒപ്പം കൊണ്ട് പോവണമെന്ന് പറയും.
ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ഭാവേഷിന് ഇതിനിടെ ജോലി നഷ്ടമായി. ഇന്ത്യൻഭാഷ അറിയാത്തതിനാൽ കുഞ്ഞിനെ നാട്ടിലേക്ക് വിടാനാകില്ലെന്നാണ് ജർമ്മൻ അധികൃതർ പറയുന്നത്. അത് പഠിപ്പിക്കാമെന്ന് പറയുമ്പോൾ അനുവദിക്കുന്നുമില്ല.ചുരുക്കത്തിൽ ഇന്ത്യൻ സർക്കാർ ശക്തമായി ഇടപെടും വരെ ഈ ദുരിത പർവ്വം തുടരുമെന്ന് ഇവർക്കറിയാം. ഇപ്പോള്‍ മൂന്ന് വയസ്സായ കുഞ്ഞിനെ 2021ലാണ് അധികൃതര്‍ മാതാപിതാക്കളില്‍ നിന്നേറ്റെടുക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഇടപെട്ട് കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ഇവര്‍ പരാതിയും നല്‍കി.
