Asianet News MalayalamAsianet News Malayalam

സൈന്യം തകര്‍ത്തത് പുല്‍വാമ മോഡല്‍ ആക്രമണ പദ്ധതി; പിന്നില്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍

 ഇന്ത്യയിലേക്ക് കയറിയതിന് ശേഷം ഭീകരര്‍ നിരന്തരമായി അഷ്ഗറുമായും മുഹമ്മദ് അസ്ഗര്‍ ഖാന്‍ കശ്മീരിയുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.
 

Indian forces foiled Jaish attack planned by Masood Azhar's brother
Author
New Delhi, First Published Nov 21, 2020, 10:24 PM IST

ദില്ലി: ജമ്മു കശ്മീരിലെ നഗ്രോട്ടയില്‍ സൈന്യം തകര്‍ത്തത് പുല്‍വാമ മോഡല്‍ ആക്രമണ പദ്ധതി. നാല് ഭീകരരെയാണ് സൈന്യം വധിച്ചത്. ആക്രമണത്തിന് പിന്നില്‍ കുപ്രസിദ്ധ ഭീകരനും ജെയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസ്ഹറിന്റെ സഹോദരനെന്നും സൈന്യം. പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെയാണ് ഭീകരര്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതെന്നും സൈനിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഷക്കര്‍ഗഢില്‍ നിന്നാണ് മസൂദ് അസ്ഹറിന്റെ സഹോദരന്‍ അബ്ദുല്‍ റഊഫ് അഷ്ഗര്‍ ചാവേറാക്രമണത്തിന് ഭീകരരെ
തെരഞ്ഞെടുത്തത്. ഖാസി തരാര്‍ എന്ന ഭീകരനും സഹായത്തിനെത്തി. എന്നാല്‍, ഇവരുടെ ആക്രമണ പദ്ധതി നാല് ഭീകരരെ വധിച്ച് സൈന്യം തകര്‍ത്തു.

വ്യാഴാഴ്ചയാണ് സൈന്യത്തിന്റെ തിരിച്ചടിയില്‍ ഭീകരര്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാനില്‍ നിന്ന് ഇവര്‍ ചാവേറാക്രമണത്തില്‍ പരിശീലനം നേടിയിരുന്നുവെന്നും സൈന്യം പറയുന്നു. കശ്മീര്‍ താഴ്വരയില്‍ ഇന്ത്യ ഭാഗത്ത് പരമാവധി ആള്‍നാശമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. സാംബ സെക്ടറിലെ ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നുകയറാന്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ നദീതീര അതിര്‍ത്തി പ്രദേശമാണ് തെരഞ്ഞെടുത്തത്.  സാംബയില്‍നിന്ന് കത്വയിലേക്ക് ആറുകിലോമീറ്റര്‍ അകലെയുള്ള ജത്വാളിനടുത്ത് ട്രക്കില്‍ കയറുകയും ചെയ്തു. ഇന്ത്യയിലേക്ക് കയറിയതിന് ശേഷം ഭീകരര്‍ നിരന്തരമായി അഷ്ഗറുമായും മുഹമ്മദ് അസ്ഗര്‍ ഖാന്‍ കശ്മീരിയുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.

എന്നാല്‍ പുലര്‍ച്ചെ 4.45ന് ടോള്‍ പ്ലാസയില്‍ ട്രക്ക് തടയുകയും സുരക്ഷാ സൈന്യത്തിന്റെ പരിശോധനയില്‍ ഒളിച്ചിരുന്ന നാല് ഭീകരരെ കണ്ടെത്തുകയും ചെയ്തതോടെ പദ്ധതി പാളി. ഒളിച്ചിരുന്നവരെ കണ്ടെത്തിയതോടെ ഭീകരര്‍ മുദ്രാവാക്യം വിളിച്ചതായും സൈനിക വൃത്തങ്ങള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്ത്യ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയിരുന്നു.

ജമ്മു കശ്മീരില്‍ ലോക്കല്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആക്രമണത്തിന് മുതിര്‍ന്ന ജെയ്‌ഷെ മുഹമ്മദ് നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും കരുതിയിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഭീകരാക്രമണ പദ്ധതി തകര്‍ത്തതില്‍ സൈന്യത്തെ അഭിനന്ദിക്കുകയും ചെയ്തു.
 

Follow Us:
Download App:
  • android
  • ios