ദില്ലി: ഇനിയുള്ള കാലം ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടി മുൻ എംഎൽഎയായ ബൽദേവ് കുമാറിന്റെ അപേക്ഷ.  പാക്കിസ്ഥാനിലെ ഹിന്ദുക്കളെയും സിഖുകാരെയും സംരക്ഷിക്കാനാവുന്ന പാക്കേജ് ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"ന്യൂനപക്ഷ വിഭാഗങ്ങൾ മാത്രമല്ല, മുസ്ലിങ്ങൾ പോലും ഇവിടെ (പാക്കിസ്ഥാനിൽ) സുരക്ഷിതരല്ല. വളരെയേറെ വിഷമങ്ങൾ അനുഭവിച്ചാണ് ഞങ്ങളിവിടെ കഴിയുന്നത്. എനിക്ക് അഭയം നൽകാൻ ഞാൻ ഇന്ത്യാ ഗവൺമെന്റിനോട് അപേക്ഷിക്കുകയാണ്. ഞാനൊരിക്കലും തിരിച്ച് പോകില്ല," ബൽദേവ് കുമാർ എഎൻഐയോട് പറഞ്ഞു.

"പാക്കിസ്ഥാനിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇന്ത്യയിലേക്ക് വരാൻ സാധിക്കുന്ന ഒരു പാക്കേജ് ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിക്കണം. മോദി സാഹിബ് ഇവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. ഇവരെല്ലാം ഇവിടെ പീഡിപ്പിക്കപ്പെടുകയാണ്," അദ്ദേഹം പറഞ്ഞു.