മാസങ്ങളോളം കൊടും ശൈത്യത്തിലും കനത്ത മഞ്ഞുവീഴ്ചയിലും സൈനികരുടെ ജീവിതം ചിത്രീകരിക്കുന്ന നിരവധി വീഡിയോകള്‍ അവനീഷ് ശരൺ ഇതിന് മുമ്പും തന്‍റെ ട്വീറ്റര്‍ പേജിലൂടെ പുറത്ത് വിട്ടിരുന്നു.
ദില്ലി: ഛത്തിസ്ഖണ്ഡ് കേഡറിലെ ഐഎഎസ് ഓഫീസറായ അവനീഷ് ശരൺ തന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കു വച്ച ഇന്ത്യന്‍ സൈന്യത്തിന്‍റെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇന്ത്യ - ചൈന സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് അവനീഷ് ശരൺ ഐഎഎസിന്‍റെ വീഡിയോ പുറത്ത് വന്നത്.
ഇന്ത്യൻ സൈനികർ മുട്ടോളം മൂടുന്ന മഞ്ഞിൽ വോളിബോൾ കളിക്കുന്ന വീഡിയോയാണ് അവനീഷ് ശരൺ ഐഎഎസ് പുറത്ത് വിട്ടത്. മാസങ്ങളോളം കൊടും ശൈത്യത്തിലും കനത്ത മഞ്ഞുവീഴ്ചയിലും സൈനികരുടെ ജീവിതം ചിത്രീകരിക്കുന്ന നിരവധി വീഡിയോകള്‍ അവനീഷ് ശരൺ ഇതിന് മുമ്പും തന്‍റെ ട്വീറ്റര്‍ പേജിലൂടെ പുറത്ത് വിട്ടിരുന്നു. ആ കൊടും തണുപ്പിലും ആവേശത്തോടെ പന്ത് തട്ടുന്ന ഇന്ത്യന്‍ സൈനീകര്‍ മുട്ടോളം മഞ്ഞില്‍ നിന്നാണ് വോളിബോള്‍ കളിക്കുന്നത്. കളി നടക്കുമ്പോളും വീഡിയോയില്‍ മഞ്ഞ് പെയ്യുന്നതും കാണാം.
അതിര്‍ത്തിയില്‍ ചൈനീസ് ഭീഷണി ഒരർത്ഥത്തിലും കുറഞ്ഞിട്ടില്ലെന്നും ഇന്ത്യൻ സൈന്യം എന്തും നേരിടാൻ സജ്ജമാണെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ കരസേന മേധാവി ജനറൽ എം എം നരവാനെ പറഞ്ഞത്. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതിന് പിന്നാലെ ഇന്ത്യാ-ചൈന സൈനിക കമാൻഡർമാരുടെ 14-ാം കൂടിക്കാഴ്ചയില്‍ അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തീരുമാനമായ വാര്‍ത്തയും പുറത്ത് വന്നിരുന്നു.
