സിഐഎ മേധാവിയുമായും റഷ്യൻ സുരക്ഷ ഉപദേഷ്ടാവുമായും ദേശീയ സുരക്ഷ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ദില്ലിയിൽ ചർച്ച നടത്തി. അഫ്ഗാൻ ഭീകരവാദികളുടെ കേന്ദ്രമാകുന്നതിലുള്ള കടുത്ത ആശങ്ക ഇന്ത്യ ചർച്ചയിൽ അറിയിച്ചു.

ദില്ലി: അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനയായ ഹഖ്ഖാനി നെറ്റ്വർക്കിൻറെ നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ കടുത്ത അതൃപ്തിയുമായി ഇന്ത്യ. സിഐഎ മേധാവിയുമായും റഷ്യൻ സുരക്ഷ ഉപദേഷ്ടാവുമായും ദേശീയ സുരക്ഷ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ദില്ലിയിൽ ചർച്ച നടത്തി. അഫ്ഗാൻ ഭീകരവാദികളുടെ കേന്ദ്രമാകുന്നതിലുള്ള കടുത്ത ആശങ്ക ഇന്ത്യ ചർച്ചയിൽ അറിയിച്ചു.

അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാരിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ദില്ലിയിൽ അതൃപ്തി പുകയുകയാണ്. താലിബാനെ തൽക്കാലം തള്ളിപ്പറയില്ല. അമേരിക്കയുടെ നിലപാടിനൊപ്പം ഇന്ത്യ നില്ക്കും എന്ന സൂചനയാണ് പുറത്തു വരുന്നത്. സിഐഎ മേധാവി വില്ല്യം ജെ ബേർണ്സ് ഇന്ത്യയുടെ നിലപാട് അറിയാനാണ് ദില്ലിയിൽ എത്തിയത്. 

പാകിസ്ഥാൻ ഭീകരസംഘടനകൾ അഫ്ഗാനിസ്ഥാനിൽ ഇടപെടാനുള്ള സാധ്യതയും ഇന്ത്യ വില്ല്യം ബേണ്സുമായി ചർച്ച ചെയ്തു. റഷ്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് നിക്കോളെ പെട്രൂഷെവും ഇന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവിനെ കണ്ടു. കാബൂളിലെ ഇന്ത്യൻ എംബസി തുറക്കുന്നതുൾപ്പടെയുളള വിഷയങ്ങൾ ചർച്ചയായെന്നാണ് സൂചന.

അഫ്ഗാനിസ്ഥാനിൽ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് താലിബാൻ

താലിബാൻ സർക്കാരിൽ ആഭ്യന്തര ചുമതല ഹഖ്ഖാനി നെറ്റ് വർക്കിലെ സിറാജുദ്ദീൻ ഹഖ്ഖാനിക്കാണ്. 2008 ൽ കാബൂളിലെ ഇന്ത്യൻ എംബസി ആക്രമിച്ചതിന് പിന്നിൽ ഹഖ്ഖാനി നെറ്റ്വർക്കാണെന്ന് വ്യക്തമായിരുന്നു. അഫ്ഗാനിസ്ഥാൻ മണ്ണ് ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കില്ല എന്നതിൽ എന്തുറപ്പാണുള്ളത് എന്ന ചോദ്യമാണ് ഇന്ത്യ ചർച്ചകളിൽ ഉന്നയിക്കുന്നത്. താലിബാനെക്കുറിച്ചുള്ള നിലപാട് ഐക്യരാഷ്ട്ര രക്ഷാസമിതി തീരുമാനിക്കാനിരിക്കെയാണ് ഇന്ത്യയുടെ ഈ എതിർപ്പ് പ്രകടമാകുന്നത്. അഫ്ഗാനൻ സർക്കാരിനെക്കുറിച്ച് ഔഗ്യോഗിക നിലപാടു പറയാതെ ഇന്ത്യ മൗനം പാലിക്കുകയാണ്. താലിബാനെ തള്ളിപറഞ്ഞില്ലെങ്കിലും ഭീകരസംഘടന നേതാക്കളുടെ സാന്നിധ്യം കണ്ടില്ലെന്ന് നടിക്കരുത് എന്ന അഭിപ്രായം ബിജെപിയിലും ശക്തമാകുകയാണ്.

അഫ്ഗാനിലെ പുതിയ പ്രധാനമന്ത്രി, താലിബാന്‍ നേതാവ്; ആരാണ് മുല്ല ഹസ്സന്‍ അഖുന്‍ദ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona