''ഹർജോതിന്റെ ശരീരത്തിന്റെ നാല് ഭാഗത്ത് വെടിയേറ്റതായാണ് അറിയിച്ചത്. ഒരു വെടിയുണ്ട ശരീരത്തിൽ തുളഞ്ഞ് കയറി. ആശുപത്രിയിൽ സൗകര്യം ഒരുക്കിയത് ഇന്ത്യയിലെ യുക്രൈൻ എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദില്ലി: മകന് വെടിയേറ്റ വിവരമറിഞ്ഞ് രണ്ട് ദിവസം മുൻപ് ഇന്ത്യൻ എംബസിയിൽ ബന്ധപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്ന് യുക്രൈനിൽ (Ukraine) വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി (Indian Students) ഹർജോത് സിങ്ങിന്റെ ( Harjot Singh) കുടുംബം. മകന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ഉടൻ തിരികെ എത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
''ഹർജോതിന്റെ ശരീരത്തിന്റെ നാല് ഭാഗത്ത് വെടിയേറ്റതായാണ് അറിയിച്ചത്. ഒരു വെടിയുണ്ട ശരീരത്തിൽ തുളഞ്ഞ് കയറി. ആശുപത്രിയിൽ സൗകര്യം ഒരുക്കിയത് ഇന്ത്യയിലെ യുക്രൈൻ എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുക്രൈൻ - റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യാ ഗവൺമെന്റ് ഇടപെടമെന്നും വിദ്യാർത്ഥികളടക്കം എല്ലാവരേയും സുരക്ഷിതരായി തിരികെ എത്തിക്കണമെന്നും'' ഹർജോതിന്റെ കുടുംബം ആവശ്യപ്പെട്ടു.
ഫെബ്രുവരി 27ന് കീവില്‍ നിന്ന് സുരക്ഷിത മേഖലയിലേയ്ക്ക് കാറില്‍ പോകുമ്പോഴാണ് ഹർജോതിന് വെടിയേറ്റത്. തോളിന് വെടിയേറ്റു. കാലിനും പരുക്കുണ്ട്. കീവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് വിദ്യാർത്ഥിയിപ്പോൾ. ഇന്ത്യൻ എംബസിയുമായി പലതവണ ബന്ധപ്പെട്ടിട്ടും എംബസി സഹായമൊന്നും ചെയ്തില്ലെന്ന് നേരത്തെ ഹർജോത് ആരോപിച്ചിരുന്നു.
എന്നാൽ അതേ സമയം, ഹർജോത് സിംഗിന്റെ ചികിത്സ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്ന് വിദേശ കാര്യമന്ത്രാലയം ഇന്നലെ വ്യക്തമാക്കി. അദ്ദേഹത്തിന്റെ അടുത്തെത്താൻ എംബസി ശ്രമം തുടരുകയാണ്. സംഘർഷ മേഖലയായതിനാൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ട്. എത്രയും പെട്ടെന്ന് അവിടേക്ക് എത്താൻ കഴിയുമെന്നാണ് കരുതുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അതേ സമയം, ഇന്ത്യക്കാരടക്കം വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികളെ യുക്രൈൻ ബന്ദിയാക്കുന്നു എന്ന ആരോപണം യുഎൻ രക്ഷാസമിതിയിലും റഷ്യ ആവർത്തിച്ചു. സുമിയിലും കാർക്കിവിലും ഇത്തരം സംഭവങ്ങളാണ് അരങ്ങേറുന്നതെന്നും റഷ്യ ആരോപിച്ചു. വിദേശ വിദ്യാർത്ഥികൾക്ക് കടന്നുപോകാൻ സുരക്ഷിത പാത ഒരുക്കണമെന്ന് റഷ്യയോട് യുക്രൈനോട് ആവശ്യപ്പെട്ടു. അതേസമയം, വെടിനിർത്തണമെന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചു. ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം തുടരാനാകുന്നില്ല. താൽക്കാലികമായെങ്കിലും വെടിനിർത്തൽ ആവശ്യം പരിഗണിക്കണമെന്ന് ഇന്ത്യ റഷ്യയോടും യുക്രെയ്നോടും ആവശ്യപ്പെട്ടു. റഷ്യ ഏർപ്പെടുത്തിയ യാത്രാ സൗകര്യം പ്രയോജനപ്പെടുന്നില്ലെന്നും ഒഴിപ്പിക്കാനായി നൽകിയ ബസുകൾക്ക് വിദ്യാർത്ഥികളുടെ അടുത്തെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യ അറിയിച്ചു.
മൂവായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ ബന്ദികളാക്കിയെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ നേരത്തെ ആരോപിച്ചത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാത്രമല്ല, ചൈനീസ് വിദ്യാര്‍ത്ഥികളെയും യുക്രൈന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും പുടിന്‍ കുറ്റപ്പെടുത്തിയിരുന്നു. വിദേശികളെ യുദ്ധമുഖത്തുനിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ യുക്രൈന്‍ വൈകിപ്പിക്കുകയാണെന്നും പുടിന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ മരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് പുടിന്റെ ആരോപണം. കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് വലിയ തുക നഷ്ടപരിഹാരമായി നല്‍കുമെന്നും പുടിന്‍ പ്രഖ്യാപിച്ചു. യുക്രൈനിലേയും റഷ്യയിലേയും ജനത ഒന്നാണെന്നും യുക്രൈന്‍ പിടിച്ചടക്കലാണ് ലക്ഷ്യമെന്നും പുടിന്‍ അദ്ദേഹം വ്യക്തമാക്കി.
