Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ കാടുകളില്‍ ഗര്‍ജനം മുഴങ്ങുന്നു; കടുവകളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് സൂചന

ഇത്തവണത്തെ  സെന്‍സസ് റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക കടുവ ദിനമായ ജൂലായ് 29ന് പുറത്തുവിടും. ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറും പങ്കെടുക്കും. 

Indian Tigers number increased 18-20 percentage
Author
New Delhi, First Published Jul 28, 2019, 4:18 PM IST

ദില്ലി: രാജ്യത്തെ കടുവകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ  കടുവകളുടെ എണ്ണത്തില്‍ 18-20 ശതമാനം(400എണ്ണം) വര്‍ധനവുണ്ടായതെന്നാണ് സൂചന. രാജ്യത്തെ മൊത്തം കടുവകളുടെ എണ്ണം 2600ല്‍ കൂടുതലായിട്ടുണ്ടെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇത്തവണത്തെ  സെന്‍സസ് റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക കടുവ ദിനത്തില്‍ പുറത്തുവിടും. നാലാമത്തെ കടുവ കണക്കെടുപ്പ് റിപ്പോര്‍ട്ടാണ് പുറത്തുവിടുന്നത്. ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ മോദിയോടൊപ്പം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറും പങ്കെടുക്കും. 

2014ലെ കണക്കെടുപ്പില്‍ 2226 കടുവകളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. കടുവ സംരക്ഷണ പദ്ധതി ഫലം കാണുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2006ല്‍ 1411 കടുവകളായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നതെങ്കില്‍ 2010ല്‍ 1726 ആയും 2014ല്‍ 2226 ആയും ഉയര്‍ന്നു. സംസ്ഥാനങ്ങളില്‍ കര്‍ണാടക തന്നെയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ കണക്കെടുപ്പ് വര്‍ഷം 406 എണ്ണമായിരുന്നു കര്‍ണാടകയിലെ കടുവകളുടെ എണ്ണമെങ്കില്‍ ഇത്തവണ അത് 500 കടക്കുമെന്നാണ് സൂചന. മധ്യപ്രദേശും ഉത്തരാഖണ്ഡുമാണ് മഹാരാഷ്ട്രക്ക് പിന്നില്‍.

നൂതനമായ സാങ്കേതിക സഹായത്തോടെയാണ് കണക്കെടുപ്പ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഏകദേശം 90 ശതമാനം കടുവകളുടെയും ചിത്രം ലഭിച്ചു. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും സംയുക്തമായാണ് കണക്കെടുപ്പ് നടത്തിയത്. മിക്ക കടുവ സംരക്ഷണ മേഖലകളിലെയും കടുവകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്നും അധികൃതര്‍ പറയുന്നു. അതേസമയം, കണക്കെടുപ്പിന് ഉപയോഗിച്ച സാങ്കേതികയില്‍ പിഴവുണ്ടെന്നും ഫോട്ടോകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും വിമര്‍ശനം വരുന്നു. 

Follow Us:
Download App:
  • android
  • ios