പൊലീസ് സ്റ്റേഷനിൽ എത്തിയ ശേഷവും പണം നൽകി രക്ഷപ്പെടാനാണ് ഈ സ്ത്രീ ശ്രമിച്ചത്. ഇന്ത്യൻ സ്ത്രീയുടെ ഈ കൈക്കൂലി ശ്രമം ജാപ്പനീസ് പൊലീസിനും ഒട്ടും ഇഷ്ടപ്പെട്ടില്ല
ദില്ലി: വിനോദ സഞ്ചാര ഗ്രൂപ്പിനൊപ്പം ജപ്പാൻ യാത്രയ്ക്കിടെ ഇന്ത്യൻ സ്ത്രീയെ കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചതിന് പിടിയിൽ . പിന്നാലെ ഉടമയ്ക്ക് പണം കൊടുത്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവിടെ വച്ചും പൊലീസിന് പണം നൽകാൻ ഇന്ത്യൻ യുവതി ശ്രമിച്ചുവെന്ന സാമൂഹ്യ മാധ്യമത്തിലെ കുറിപ്പ് വൈറലാവുന്നു. വിദേശ രാജ്യങ്ങളിൽ ചില ടൂറിസ്റ്റുകൾ കാണിക്കുന്ന മോശം പെരുമാറ്റം ഇന്ത്യക്കാർക്ക് ഒന്നടങ്കം എങ്ങനെ ചീത്തപ്പേരുണ്ടാക്കുന്നു എന്നതിനെക്കുറിച്ചുള്ള വലിയൊരു സംവാദത്തിനാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. മുത്തുകൃഷ്ണൻ ധനപാനി എന്ന ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർ തന്റെ എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ വിവരം പുറംലോകം അറിഞ്ഞത്.
മുത്തുകൃഷ്ണൻ ധനപാനിയുടെ കുറിപ്പിന്റെ പൂർണരൂപം
ജപ്പാനിൽ ഒരു ടൂറിസ്റ്റ് ഗ്രൂപ്പിനൊപ്പം യാത്ര ചെയ്യുകയായിരുന്ന അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ഒരു സ്ത്രീയാണ് മോഷണക്കുറ്റത്തിന് പിടിയിലായത്. യാത്രയുടെ തുടക്കം മുതൽ തന്നെ ഈ സ്ത്രീ പലയിടങ്ങളിൽ നിന്നും ചെറിയ രീതിയിൽ സാധനങ്ങൾ മോഷ്ടിക്കുന്നുണ്ടായിരുന്നുവെങ്കിലും ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. എന്നാൽ, ടൂറിസ്റ്റുകൾ സാധാരണയായി സന്ദർശിക്കുന്ന കടയിൽ വെച്ച് ഇവർ സാധനങ്ങൾ മോഷ്ടിക്കുന്നത് കടയുടമയുടെ ശ്രദ്ധയിൽപ്പെടുകയും ഇവരെ കയ്യോടെ പിടികൂടുകയുമായിരുന്നു. താൻ കുടുങ്ങി എന്ന് മനസ്സിലായ നിമിഷം തന്നെ മോഷ്ടിച്ച സാധനങ്ങളുടെ പണം നൽകാമെന്ന് പറഞ്ഞ് വിഷയം അവിടെവെച്ച് തീർക്കാൻ സ്ത്രീ ശ്രമിച്ചു. എന്നാൽ ജാപ്പനീസ് കടയുടമ ഇവരുടെ പണം വാങ്ങാൻ കൂട്ടാക്കിയില്ലെന്നു മാത്രമല്ല, അവരുടെ ഈ പ്രവർത്തിയിൽ കടുത്ത നിരാശയും പ്രകടിപ്പിച്ചു. ജപ്പാൻ എന്നത് പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു സമൂഹമാണെന്നും, അവിടെ ഇത്തരം മോഷണങ്ങൾ വളരെ അപൂർവ്വമാണെന്നും കടയുടമ ടൂറിസ്റ്റ് ഗ്രൂപ്പിനോട് പറഞ്ഞു. കൂടാതെ, ഇന്ത്യയോടും ഇന്ത്യക്കാരോടും തങ്ങൾക്ക് വലിയ ബഹുമാനമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഷ്ടിച്ചതിനേക്കാൾ ഉപരിയായി, തെറ്റ് ചെയ്ത് പിടിക്കപ്പെട്ടതിന് ശേഷം അത് പണം നൽകി ഒതുക്കിത്തീർക്കാൻ സ്ത്രീ ശ്രമിച്ചതാണ് അദ്ദേഹത്തെ കൂടുതൽ അപമാനിച്ചതും വേദനിപ്പിച്ചതും. തുടർന്ന് കടയുടമ വിവരം പ്രാദേശിക പൊലീസിൽ അറിയിക്കുകയും, ടൂറിസ്റ്റ് ഗ്രൂപ്പിന്റെ മാനേജർ ഈ സ്ത്രീയെയും കൂട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു.
കുറ്റകൃത്യങ്ങൾ വളരെ കുറഞ്ഞ, കടുത്ത നിയമശിക്ഷകളുള്ള ജപ്പാൻ പോലൊരു രാജ്യത്ത് പൊലീസ് സ്റ്റേഷൻ വരെയെത്തുന്ന കാര്യങ്ങൾ വളരെ ഗൗരവമേറിയതാണ്. എന്നാൽ, പൊലീസ് സ്റ്റേഷനിൽ എത്തിയ ശേഷവും പണം നൽകി രക്ഷപ്പെടാനാണ് ഈ സ്ത്രീ ശ്രമിച്ചത്. ഇന്ത്യൻ സ്ത്രീയുടെ ഈ കൈക്കൂലി ശ്രമം ജാപ്പനീസ് പൊലീസിനും ഒട്ടും ഇഷ്ടപ്പെട്ടില്ല. ജപ്പാനിലെ നിയമപ്രകാരം മോഷണം എത്രത്തോളം ഗുരുതരമായ കുറ്റമാണെന്നും, ഇതിന് ജയിൽ ശിക്ഷ വരെ ലഭിക്കാമെന്നും പൊലീസ് അവർക്ക് കൃത്യമായി മനസ്സിലാക്കിക്കൊടുത്തു. ഒടുവിൽ അവർ ഒരു ഇന്ത്യൻ പൗരയായതിനാലും, ജപ്പാന് ഇന്ത്യയോടുള്ള പ്രത്യേക ബഹുമാനം മുൻനിർത്തിയുമാണ് വലിയ നിയമനടപടികളിലേക്ക് കടക്കാതെ കടുത്ത മുന്നറിയിപ്പ് നൽകി ഇവരെ പൊലീസ് വിട്ടയയ്ക്കുകയായിരുന്നു.
ഈ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. സ്വന്തം രാജ്യത്തിന് പുറത്ത് പോകുമ്പോൾ നമ്മൾ വെറുമൊരു വ്യക്തിയല്ലെന്നും, മറിച്ച് സ്വന്തം രാജ്യത്തിന്റെ പ്രതിനിധിയാണെന്നുമുള്ള കാര്യം ഇത്തരം ആളുകൾ മറന്നുപോകുന്നു എന്നാണ് നിരവധിപ്പേർ അഭിപ്രായപ്പെടുന്നത്.


