രാജസ്ഥാൻ, തെലങ്കാന, ഒഡീഷ സ്വദേശികളായ മൂന്ന് പേരെയാണ് ജൂലൈ ഒന്നിന് ഡയമണ്ട് സിമന്റ് ഫാക്ടറിയിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയത്.
ദില്ലി: ആഫ്രിക്കൻ രാജ്യമായ മാലിയിൽ അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകര സംഘടന തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യൻ പൗരന്മാരുടെ വിശദാംശങ്ങൾ പുറത്ത്. രാജസ്ഥാൻ സ്വദേശിയായ പ്രകാശ് ചന്ദ് ജോഷി, തെലങ്കാനയിൽ നിന്നുള്ള അമരലിംഗേശ്വര റാവു, ഒഡീഷ സ്വദേശി പി വെങ്കടരാമൻ എന്നിവരെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്.
ജൂലൈ ഒന്നിനാണ് മാലിയിലെ കെയ്സ് മേഖലയിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിൽ വച്ച് ഇന്ത്യക്കാരെ ഭീകരർ ബന്ദികളാക്കിയത്. മാലിയിൽ ഭീകരാക്രമണം നടക്കുന്നതിനിടെയായിരുന്നു ഇത്. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജമാഅത്ത് നുസ്റത്ത് അൽ-ഇസ്‌ലാം വൽ-മുസ്ലിമീൻ (ജെഎൻഐഎം) എന്ന ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് പിന്നിലെന്ന് സംശയം. എന്നാൽ ഇവർ ഇതുവരെ തട്ടിക്കൊണ്ടുപോകലിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
പ്രകാശ് ചന്ദ് ജോഷിയെ ഫാക്ടറിയിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ സുമൻ ജോഷി ജയ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. അതിന് ശേഷം ഇതുവരെ അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു. 45 വയസ്സുകാരനായ അമരലിംഗേശ്വര റാവു തെലങ്കാനയിലെ മിര്യാലഗുഡ സ്വദേശിയാണ്. 2015 മുതൽ ഇദ്ദേഹം മാലിയിൽ ജോലി ചെയ്തുവരികയാണ്. അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയെന്ന് കമ്പനിയിൽ നിന്നാണ് വിവരം ലഭിച്ചതെന്ന് ഭാര്യ പറഞ്ഞു. ജൂൺ 30-നാണ് അവസാനമായി സംസാരിച്ചതെന്നും അതിനുശേഷം ഒരു വിവരവുമില്ലെന്നും അവർ പറഞ്ഞു. പി വെങ്കടരാമൻ ഒഡിഷയിലെ ഗഞ്ചാം ജില്ലക്കാരനായ 28 വയസ്സുകാരനാണ്. ആറ് മാസമായി ഡയമണ്ട് സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്യുന്നു. ജൂലൈ 4-ന് കമ്പനി ഉദ്യോഗസ്ഥൻ വിളിച്ച് മകൻ പോലീസ് കസ്റ്റഡിയിലാണെന്ന് അറിയിച്ചു. എന്നാൽ പിന്നീട് തട്ടിക്കൊണ്ടുപോയതാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ലഭിച്ചെന്ന് അമ്മ പി. നരസമ്മ പറഞ്ഞു.
മാലിയിലെ അധികൃതർ, പ്രാദേശിക നിയമപാലകർ എന്നിവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത് ഡയമണ്ട് സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്യവേയാണ്. ഇന്ത്യൻ ബിസിനസ് ഗ്രൂപ്പായ പ്രസാദിത്യ ഗ്രൂപ്പിന്‍റേതാണ് ഈ കമ്പനി. അതേസമയം തൊഴിലാളികളെ തട്ടിക്കൊണ്ടുപോയതിനെ കുറിച്ച് കമ്പനി ഇതുവരെ പരസ്യ പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. സർക്കാർ കണക്കുകൾ പ്രകാരം 400 ഇന്ത്യക്കാർ മാലിയിൽ ജോലി ചെയ്യുന്നുണ്ട്. പലരും നിർമ്മാണ പ്രവൃത്തികൾ, ഖനനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്.


