തമിഴ്നാട് സ്വദേശിയെ വിവാഹം ചെയ്ത ശ്രീലങ്കൻ യുവതിയുടെ ഹർജിയിലാണ് കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. യുവതിയെ നാടുകടത്തരുതെന്ന് ജസ്റ്റിസ് ജിആർ സ്വാമിനാഥൻ ഉത്തരവിട്ടു. പങ്കാളികൾക്ക് ഒന്നിച്ചു ജീവിക്കാമെന്നത് ഭരണഘടന നൽകുന്ന മൗലികാവകാശമാണെന്നും കോടതി

ചെന്നൈ: അതിർത്തി കടന്നും പ്രണയിക്കാമെന്നുള്ള പ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. വിവാഹം ഇന്ത്യൻ പൗരന്മാർ തമ്മിൽ തന്നെ ആകണമെന്നില്ലെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തമിഴ്നാട് സ്വദേശിയെ വിവാഹം ചെയ്ത ശ്രീലങ്കൻ യുവതിയുടെ ഹർജിയിലാണ് കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. യുവതിയെ നാടുകടത്തരുതെന്ന് ജസ്റ്റിസ് ജിആർ സ്വാമിനാഥൻ ഉത്തരവിട്ടു. പങ്കാളികൾക്ക് ഒന്നിച്ചു ജീവിക്കാമെന്നത് ഭരണഘടന നൽകുന്ന മൗലികാവകാശമാണെന്നും കോടതി പറഞ്ഞു.

അതേസമയം, യുവതിക്ക് മുന്നിൽ രണ്ട് വഴികൾ ഉണ്ടെന്നും കോടതി പറഞ്ഞു. ഇന്ത്യയിൽ എത്തി 7 വർഷം ആകുമ്പോൾ പൗരത്വത്തിന് അപേക്ഷ നൽകാം, പൗരത്വ നിയമത്തിൽ ഇളവ് നൽകാനുള്ള സവിശേഷ അധികാരം കേന്ദ്രത്തിനുണ്ട്. അല്ലെങ്കിൽ ലങ്കൻ പാസ്പോർട്ട് പുതുക്കാം- തുടർന്ന് ഇന്ത്യൻ വിസയ്ക്ക് വീണ്ടും അപേക്ഷ നൽകാം. ഏത് വഴി വേണമെങ്കിലും യുവതിക്ക് സ്വീകരിക്കാമെന്നും മാനുഷിക പരിഗണന വച്ച് അധികൃതർ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി അറിയിച്ചു.

2018ൽ ശ്രീലങ്കയിൽ വച്ചാണ് അബ്ദുൾ ജബ്ബാറും, ഫാത്തിമ റിയാസയും വിവാഹിതരായത്. 2019ൽ ഫാത്തിമ ഇന്ത്യൻ വിസയിൽ തമിഴ്നാട്ടിൽ എത്തി. ദമ്പതികൾക്ക് രണ്ട് മക്കളും ജനിച്ചു. പിന്നീട് യുവതിയുടെ ലങ്കൻ പാസ്പോർട്ടിന്റെയും ഇന്ത്യൻ വിസയുടെയും കാലാവധി കഴിഞ്ഞു. ഇന്ത്യൻ പൗരത്വത്തിനായി യുവതി നൽകിയ അപേക്ഷ കേന്ദ്രം തള്ളുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതിയിലെത്തിയത്.

YouTube video player