മുംബൈ: ഛത്രപതി ശിവജിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത് ബിജെപി നേതാവ് എഴുതിയ പുസ്തകം വിവാദമാകുന്നു. നേരത്തെ പുസ്തകം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശിവസേന നേതാവ് സഞ്ജയ് റാവത്ത് രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, പുസ്തകം കൈവശം വയ്ക്കുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ആരുടെയെങ്കിലും കയ്യിൽ പുസ്തകം കാണുകയാണെങ്കിൽ, അവർ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

ബിജെപി നേതാവ് ജയ് ഭഗവാന്‍ ഗോയലാണ് 'ആജ് കേ ശിവാജി: നരേന്ദ്ര മോദി' എന്ന പേരില്‍ പുസ്തകം പുറത്തിറക്കിയത്. ദില്ലിയിലെ ബിജെപി ഓഫീസില്‍വച്ച് ഞായറാഴ്ചയായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. മോദിയെയും ശിവജിയെയും താരതമ്യം ചെയ്യുന്ന പുസ്തകത്തിനെതിരെ മഹാരാഷട്രയിലെ ഉദ്ദവ് താക്കറെ സർക്കാരും വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

ജയ് ഭഗവാന്‍ ഗോയൽ നേരത്തെ ദില്ലിയിൽവച്ച് മഹാരാഷ്ട്ര സാധൻ പ്രവർത്തകരെ ആക്രമിക്കുകയും മറാത്തി സംസാരിക്കുന്നവരെ അധിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു. 'ലോകത്തിലെ ആരുമായും ഛത്രപതി ശിവജിയെ താരതമ്യം ചെയ്യാനാകില്ല. ഇവിടെ ഒരു സൂര്യനും ഒരു ചന്ദ്രനും ഒരു ശിവജി മഹാരാജാവും മാത്രമേ ഉള്ളൂ. അതാണ് ഛത്രപതി ശിവജി മഹാരാജാവ്', സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചു.

Read Moer: ഛത്രപതി ശിവാജിയെ മോദിയുമായി താരതമ്യപ്പെടുത്തുന്ന പുസ്തകം ‘അപമാനകരം’: സഞ്ജയ് റാവത്ത്

ശിവജിയെ ആരുമായും താരതമ്യപ്പെടുന്നത് സ്വീകാര്യമല്ല. 'ആജ് കേ ശിവാജി: നരേന്ദ്ര മോദി' എന്ന പുസ്തകം മോദിയെ തൃപ്തിപ്പെടുത്തുന്നതിനായി എഴുതി പുറത്തിറക്കിയതാണ്. പുസ്തകവുമായി ബന്ധവുമില്ലെന്ന് ബിജെപി പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപിയും ശിവജിയുടെ പിൻ​ഗാമിയുമായ ഛത്രപതി സംബാജി രാജെയും രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത നരേന്ദ്ര മോദിയെ ബ​​ഹുമാനിക്കുന്നു. എന്നാൽ, മോദിയുമായോ അല്ലെങ്കിൽ ഈ ലോകത്തിലെ മറ്റാരുമായോ ഛത്രപതി ശിവജിയെ താരതമ്യപ്പെടുത്താനാകില്ല, ഛത്രപതി സംബാജി രാജെ പറഞ്ഞു. ബിജെപി അധ്യക്ഷൻ അമിതാ ഷാ പുസ്തകം പിൻവലിക്കണമെന്നും പുസ്തക്കിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാക്കുകയാണെന്നും സംബാജി വ്യക്തമാക്കി.

അതേസമയം, പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് തങ്ങൾക്കൊന്നും ചെയ്യാനാകില്ലെന്ന് ബിജെപി വ്യക്തമാക്കി. അത് തീർച്ചയായും എഴുത്തുകാരന്റെ അഭിപ്രായത്തെ പ്രതിപാദിക്കുന്നതാണെന്നും ബിജെപി നേതാവ് സഞ്ജയ് മയൂഖ് പറഞ്ഞു. അധിക്ഷേപിക്കുന്ന തരത്തിൽ എന്തെങ്കിലും പരാമർശിക്കപ്പെടുകയാണെങ്കിൽ പുസ്തകത്തിലെ ആ ഭാ​ഗം തിരുത്താൻ തയ്യാറാണെന്ന് ഭഗവാന്‍ ഗോയൽ വ്യക്തമാക്കിയിട്ടുണ്ടെന്നും സഞ്ജയ് മയൂഖ് കൂട്ടിച്ചേർത്തു.