ദില്ലി: ബ്രിട്ടനില്‍ ധനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ചുമതലയേറ്റ ശേഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍  തിരഞ്ഞത് അദ്ദേഹത്തിന്‍റെ ജാതി. വാര്‍ത്ത പുറത്ത് വന്നതിന് ശേഷമുള്ള 24 മണിക്കൂറില്‍ ഇന്ത്യക്കാര്‍ ഋഷി സുനകിന്‍റെ ജാതി ഗൂഗിളിലും വിക്കിപീഡിയയിലും തിരഞ്ഞത്. ഋഷിയുടെ പേരിലെ സുനക്കാണ് പലരെയും കുഴക്കിയത്. സുനക് എന്നത് ജാതിപ്പേരാണോ എന്ന് പലരും സെര്‍ച്ച് ചെയ്തു. 
ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മരുമകനാണ് ഋഷി സുനക്.

1980ല്‍ ജനിച്ച സുനക് ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റി പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്സ് ബിരുദ ധാരിയാണ്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎ ബിരുദവും നേടിയിട്ടുണ്ട്. ഇതിന് ശേഷമാണ് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ സജീവമായത്. താനൊരു ഹിന്ദുവാണെന്ന് നേരത്തെ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ആദ്യമായല്ല ഇന്ത്യക്കാര്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നവരുടെ ജാതി തിരയുന്നത്. നേരത്തെ പി വി സിന്ധു ലോക കിരീടം നേടിയപ്പോള്‍ ഗൂഗിളില്‍ സിന്ധുവിന്‍റെ ജാതി തിരഞ്ഞിരുന്നത് വലിയ വാര്‍ത്തയായിരുന്നു. 

ബ്രിട്ടീഷ് മന്ത്രിസഭയിലെ രണ്ടാം സ്ഥാനമാണ് ധനമന്ത്രിയുടേത്. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് ശേഷം ബ്രിട്ടീഷ് സര്‍ക്കാരില്‍ ചേരുന്ന ഇന്ത്യന്‍ വംശജയാണ് ഋഷി സുനക്. യോര്‍ക് ഷെയറിലെ റിച്ച്മൗണ്ട്  എംപിയാണ് ഋഷി. നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെയാണ് ഋഷി വിവാഹം കഴിച്ചിരിക്കുന്നത്. ബ്രെക്സിറ്റിന് ശേഷമുള്ള ബ്രിട്ടന്‍ സാമ്പത്തിക രംഗം എന്ന വലിയ വെല്ലുവിളിയാണ് ഋഷി സുനക്കിനുള്ളത്. വെല്ലുവിളിയേറ്റെടുക്കാന്‍ റിഷി പ്രാപ്തനായതിനാലാണ് പ്രധാന വകുപ്പായ ധനകാര്യ അദ്ദേഹത്തെ ഏല്‍പ്പിക്കുന്നതെന്നും സര്‍ക്കാറും ബ്രിട്ടീഷ് ജനതയും ഋഷി സുനകില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.