ദില്ലി: വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന രോഗികളെയും തൊഴില്‍ രഹിതരെയും തിരികെ കൊണ്ട് വരുന്നതിന് വിമാന ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡന്‍റ് സലീം മടവൂർ നല്‍കിയ പരാതിയിലാണ് നടപടി. ടിക്കറ്റ് നിരക്ക് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം മനുഷ്യത്വരഹിതമാണെന്നും അവരെ സൗജന്യമായി കൊണ്ടുവരാ‍ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.

13 രാജ്യങ്ങളിൽ നിന്ന് ആദ്യ ആഴ്ച പതിനയ്യായിരത്തിലധികം പേരെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയാണ് വിദേശകാര്യമന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങൾക്കൊപ്പം അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ആദ്യ ഘട്ടത്തിൽ തന്നെ ചില വിമാനങ്ങൾ അയക്കും. രണ്ട് കപ്പലുകൾ ദുബായിലേക്ക് തിരിച്ചെന്നും കൂടുതൽ കപ്പൽ തയ്യാറാണെന്നും നാവികസേന വൃത്തങ്ങൾ അറിയിച്ചു. അതേസമയം, മടക്ക യാത്രയ്ക്കായുള്ള ടിക്കറ്റ് നിരക്ക് പ്രവാസികൾ നൽകേണ്ടി വരുമെന്നും കേന്ദ്രം സൂചന നൽകുന്നു.

തുടക്കത്തിൽ 64 വിമാന സർവ്വീസുകളുമായി വൻ പദ്ധതിയാണ് വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. അയൽ രാജ്യങ്ങളായ ബംഗ്ലാദേശിലേക്കും ഇന്ത്യ വിമാനം ആയക്കും. ഫിലിപ്പിൻസ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെയും മടക്കി എത്തിക്കും. ഒരു ദിവസം ശരാശരി രണ്ടായിരം പേരെങ്കിലും മടങ്ങിയെത്തും എന്നാണ് നി​ഗമനം. ഗൾഫിലേക്ക് പറക്കുന്ന വിമാനങ്ങളിൽ 200 പേർ വീതമാണ് മടങ്ങുക. അമേരിക്ക, യുകെ എന്നിവിടങ്ങളിൽ നിന്ന് 250 മുതൽ 300 പേർ വീതവും രാജ്യത്തേക്ക് മടങ്ങിയെത്തും.