ഇന്ത്യയുടെ സ്വന്തം അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളുടെ ഡിസൈൻ അവലോകനം ഡിസംബറോടെ പൂർത്തിയാകുമെന്ന് എയറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി ഡിആർഡിഒ അറിയിച്ചു
ദില്ലി: ഇന്ത്യയുടെ സ്വന്തം അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളുടെ ഡിസൈൻ അവലോകനം ഡിസംബറോടെ പൂർത്തിയാകുമെന്ന് എയറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി ഡിആർഡിഒ അറിയിച്ചു. ഡെഫ് എക്സ്പോയിൽ മാധ്യമങ്ങളോട് സംസാരിച്ച ഡിആർഡിഒയുടെ അഡ്വാൻസ്ഡ് മീഡിയം കോമ്പാക്ട് എയർക്രാഫ്റ്റ് (എഎംസിഎ) പ്രൊജക്ട് ഡയറക്ടർ എകെ ഘോഷ് അടുത്ത തലമുറ എഎംസിഎയുടെ ആദ്യ പ്രോട്ടോടൈപ്പ് മൂന്ന് വർഷത്തിനുള്ളിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. ആദ്യ വിമാനം പറക്കാൻ അത് കഴിഞ്ഞ് ഒന്നര വർഷമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സേനയുടെ ഭാഗമാകുന്ന ആദ്യത്തെ അഞ്ചാം തലമുറ യുദ്ധവിമാനമാകും ഇത്. അതുകൊണ്ടുതന്നെ ഇത് ഏറെ സവിശേഷമായ ഒന്നാണ്. അഞ്ചാം തലമുറ വിമാനങ്ങൾ വികസിപ്പിച്ചെടുത്ത രാജ്യങ്ങൾ തന്നെ ലോകത്ത് വളരെ കുറവാണ്. ഞങ്ങൾ അതിന്റെ ഡിസൈൻ ജോലികളെല്ലാം പൂർത്തിയാക്കിയിരിക്കുന്നു. വലിയ ഒരു പ്രക്രിയയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നിരവധിയായ മൂല്യനിർണ്ണയവും പരിശോധനകളും നടത്തിയ ശേഷം, ഡിസൈൻ ക്രിട്ടിക്കൽ അവലോകനം കൂടി നടത്താനൊരുങ്ങുകയാണ്. അത് കഴിഞ്ഞാൽ വിമാനം വികസിപ്പിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത ജനറേഷൻ യുദ്ധ വിമാനങ്ങളുടെ പ്രത്യേകതകളെ കുറിച്ചും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു. യുദ്ധ വിമാനത്തിന്റെ ജനറേഷൻ അത് നിർമാണം പൂർത്തിയാക്കി പുറത്തിറങ്ങുന്ന സമയത്തെ ആശ്രയിച്ചായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. കാലാനുസൃതമായി ഏറ്റവും പുതിയ ടെക്നോളജിയും സവിശേഷതകളും ചേർത്തായിരിക്കും നിർമാണം നടക്കുക.
Read more: ടീം ഇന്ത്യ ഏഷ്യാ കപ്പ് 2023 കളിക്കാന്‍ പാകിസ്ഥാനിലേക്ക് പോകില്ല: ജയ് ഷാ
ഇപ്പോൾ അഞ്ചാം തലമുറ വിമാനത്തിന്റെ ഏറ്റവും മഹത്തായ സവിശേഷത റഡാറുകൾക്ക് കണ്ടെത്താനാവാത്ത സ്റ്റെൽത്ത് ടെക്നോളജിയാണ്. അത് ഡിസൈനിന്റെ ഭാഗമായ സവിശേഷതയാണ്. റഡാറുകൾക്ക് സിഗ്നലുകൾ നൽകാതെ ആക്രമണം നടത്താനുള്ള സംവിധാനമാണിത്. ഈ വശങ്ങളെല്ലാം പരിഗണിച്ചാണ് ഡിസൈൻ ഫ്രെയിം നിർമിച്ചിരിക്കുന്നത്. നാലാം തലമുറ വിമാനങ്ങൾ അങ്ങനെയായിരുന്നില്ല രൂപകൽപ്പന ചെയ്തത്. നിലവിലുള്ള സങ്കേതികവിദ്യകളിൽ വന്നുതുടങ്ങിയ അഞ്ചാം തലമുറ വിമാനങ്ങളുടെ ആശയങ്ങൾ കൂടി സംയോജിപ്പിക്കുന്നുണ്ട്. എഎംസിഎ 4.5 ജനറേഷനേക്കാൾ കൂടുതൽ നൂതനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
