കെ അണ്ണാമലൈ പാർട്ടി വിടുമെന്ന സൂചനകൾ ശക്തമായി. ദില്ലിക്ക് തിരിച്ച അണ്ണാമലൈ നാളെ പാർട്ടി ദേശീയ നേതൃത്വവുമായി ചർച്ച നടത്തും. 2 ദിവസത്തിനുള്ളിൽ പ്രതികരിക്കാമെന്ന് അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു.
ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി വിടുമെന്ന സൂചനകൾ ശക്തമായി. ദില്ലിക്ക് തിരിച്ച അണ്ണാമലൈ നാളെ പാർട്ടി ദേശീയ നേതൃത്വവുമായി ചർച്ച നടത്തും. 2 ദിവസത്തിനുള്ളിൽ പ്രതികരിക്കാമെന്ന് അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അണ്ണാമലൈയുടേത് പുതിയ സമ്മർദ്ദ നാടകം ആണെന്ന വാദവും ബിജെപിയിൽ ഉയരുന്നുണ്ട്.
അണ്ണാഡിഎംകെയുമായുള്ള സഖ്യത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയത് മുതൽ ഇടഞ്ഞുനിൽക്കുകയായിരുന്നു കെ അണ്ണാമലൈ. പാർട്ടിയിൽ തനിക്കെതിരായ പടയൊരുക്കവും അധികാരത്തിലേക്കുള്ള വിജയ്‍യുടെ വരവും സംസ്ഥാനത്ത് ബിജെപി നേരിട്ട കനത്ത പരാജയവും തനിവഴി തെരഞ്ഞെടുക്കാൻ അണ്ണാമലൈയെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. ടിവികെ ചരിത്ര മുന്നേറ്റം നടത്തുമെന്ന് വോട്ടെണ്ണലിന് മുൻപേ പ്രവചിച്ചിരുന്ന അണ്ണാമലൈ മൂന്ന് മാസത്തിനുള്ളിൽ ഒരു സർപ്രൈസ് നൽകുമെന്ന് അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു. നാളെ ദില്ലിയിൽ ബിജെപി ദേശീയ അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയിൽ പാർട്ടി വിടാനുള്ള തീരുമാനം അണ്ണാമലൈ അറിയിക്കുമെന്നാണ് സൂചന.
മക്കൾ ശക്തി എന്ന പേരിൽ പുതിയ പാർട്ടിയോ വോളൻ്റിയർമാരുടെ കൂട്ടായ്മയോ അണ്ണാമലൈ തുടങ്ങുമെന്നും പ്രചാരണമുണ്ട്. അതേസമയം കേന്ദ്രമന്ത്രിസഭയിലും ബിജെപി ദേശീയ നേതൃത്വത്തിലും പുനസംഘടന അടുത്തിരിക്കെ അണ്ണാമലൈ നാടകം കളിക്കുകയാണെന്നാണ് പാർട്ടിയിലെ തന്നെ ഒരു വിഭാഗത്തിൻ്റെ ആരോപണം. തമിഴ്നാട് ബിജെപിയിൽ അവസാന വാക്കായി ദില്ലിയിൽ നിന്ന് തിരിച്ചുവരാനുള്ള നീക്കങ്ങളെന്നും പ്രബലപക്ഷം സംശയിക്കുന്നുണ്ട്. സസ്പെൻസിനൊടുവിൽ എന്തുതന്നെ സംഭവിച്ചാലും പുതിയ നീക്കങ്ങൾ തമിഴ്നാട് പിടിക്കാനുള്ള ബിജെപിയുടെ ദീർഘാല പദ്ധതികളുടെ ഭാഗമെന്ന് വിലയിരുത്തുന്നുവരും കുറവല്ല.

