മുംബൈ: മുംബൈയില്‍ നിന്ന് നാഗ്പൂരിലേക്ക് പറന്ന ഇന്‍റിഗോ വിമാനം തിരിച്ചിറക്കി. അടിയന്തിര സാഹചര്യത്തെ തുടര്‍ന്ന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു. 

വിമാനത്തില്‍ നിന്ന് അഗ്നിബാധാ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് പൈലറ്റ് അടിയന്തര ലാന്‍റിംഗ് ആവശ്യപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ മുംബൈ വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍റിംഗ് നടത്തുന്ന രണ്ടാമത്തെ ഇന്‍റിഗോ വിമാനമാണ് ഇത്. 

ഉച്ചയ്ക്ക് 1.37നാണ് വിമാനം മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നത്. പറന്ന് ആറ് മിനുട്ട് കഴിഞ്ഞപ്പോഴാണ് അഗ്നിബാധാ മുന്നറിയിപ്പ് ലഭിച്ചത്. 11 ാം മിനുട്ടില്‍ 1.48 ന് പൈലറ്റ് അടിയന്തിര ലാന്‍റിംഗ് ആവശ്യപ്പെട്ടു. 

അസാധാരണമായ ലാന്‍റിംഗ് ആയതിനാല്‍ അഗ്നിശമന വിഭാഗം, സിഐഎസ്എഫ്, ആമ്പുലന്‍സ് എന്നിവ ലാന്‍റിംഗിനായി സജ്ജമായിരുന്നു. ഉച്ചയ്ക്ക് 2.22 നാണ് വിമാനം ലാന്‍റ് ചെയ്തത്.