ഇന്തോ-പസഫിക് റീജിയണൽ ഡയലോഗ് (IPRD-2026) നവംബർ 3 മുതൽ 5 വരെ ദില്ലിയിൽ നടക്കും. സമുദ്രസുരക്ഷ, ശാസ്ത്ര-സാങ്കേതിക സഹകരണം എന്നീ വിഷയങ്ങളിൽ 18 രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുക്കുന്ന സമ്മേളനം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും

ദില്ലി: ഇന്ത്യൻ നാവികസേനയുടെ വാർഷിക അന്താരാഷ്ട്ര തന്ത്രപ്രധാന ചർച്ചയായ ഇന്തോ – പസഫിക് റീജിയണൽ ഡയലോഗ് 2026 (IPRD-2026) നവംബർ 3 മുതൽ 5 വരെ ദില്ലിയിൽ നടക്കും. ‘ഇന്തോ – പസഫിക്കിലെ ശാസ്ത്രം, സാങ്കേതികവിദ്യ, അക്കാദമിക് സഹകരണം’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 18 രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുക്കും. ആദ്യദിവസം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അനുസ്മരണ പ്രഭാഷണം നടത്തും. നാഷണൽ മാരിടൈം ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഇന്ത്യൻ നാവികസേന സമ്മേളനം സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി 2019 ൽ പ്രഖ്യാപിച്ച ഇന്തോ – പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവിന്റെ (IPOI) സഹകരണ ചട്ടക്കൂടിന് പ്രായോഗിക രൂപം നൽകുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ ‘മഹാസാഗർ’ സമുദ്രദർശനത്തിന്റെ പശ്ചാത്തലത്തിൽ സമുദ്രസുരക്ഷ, പ്രാദേശിക സഹകരണം, ശാസ്ത്രീയ ഗവേഷണം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ ചർച്ച ചെയ്യും.

5 വിഷയങ്ങളിൽ ചർച്ച

അക്കാദമിക് ശൃംഖലകൾ, സമുദ്ര നിരീക്ഷണം, നിർണായക സമുദ്ര അടിസ്ഥാനസൗകര്യങ്ങളുടെ സംരക്ഷണം, സമുദ്രശാസ്ത്രം, കാലാവസ്ഥാ പ്രതിരോധശേഷി, സമുദ്രഭരണം, നൂതന സാങ്കേതികവിദ്യകൾ എന്നിവ കേന്ദ്രീകരിച്ച് അഞ്ച് വിഷയാധിഷ്ഠിത സെഷനുകൾ നടക്കും. സംയുക്ത ഗവേഷണം, സാങ്കേതികവിദ്യാ വികസനം, ശാസ്ത്രീയ വിവരങ്ങളുടെ പങ്കുവയ്ക്കൽ, വിദഗ്ധ പരിശീലനം എന്നിവയ്ക്കുള്ള പ്രായോഗിക മാർഗങ്ങളാണ് ലക്ഷ്യമിടുന്നത്. സമ്മേളനത്തിന്റെ ആദ്യദിവസം ഇന്ത്യയിലെയും ശ്രീലങ്കയിലെയും മുൻ നാവികസേനാ മേധാവികൾ പങ്കെടുക്കുന്ന ‘പേഴ്സ്പെക്ടീവ്സ് ഫ്രം ദ ഫ്ലാഗ് ബ്രിഡ്ജ്’ സെഷനും പ്രത്യേക അംബാസഡർ സംവാദമായ ‘സഹയോഗ് കാ സംവാദ്’വും നടക്കും. ചർച്ചകളിൽ ഉയരുന്ന നിർദേശങ്ങൾ ദേശീയ, ഉപമേഖലാ, പ്രാദേശിക തലങ്ങളിൽ നടപ്പാക്കാവുന്ന നടപടികളാക്കി മാറ്റുകയും നിലവിലുള്ള ഉഭയകക്ഷി, ത്രികക്ഷി, ബഹുകക്ഷി സംവിധാനങ്ങളിലൂടെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുകയാണ് IPRD-2026 ന്റെ ലക്ഷ്യം.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

YouTube video player