Asianet News MalayalamAsianet News Malayalam

ലോക്ഡൌണില്‍ നാടുകളിലേക്ക് മടങ്ങിപ്പോയ തൊഴിലാളികള്‍ക്ക് തിരികെയെത്താന്‍ വിമാനടിക്കറ്റുമായി ഫാക്ടറി ഉടമ

മെഷീനുകള്‍ എത്തിച്ച് ഫെബ്രുവരിയിലായിരുന്നു ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ഒരുമാസത്തിനുള്ളില്‍ കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ ഫാക്ടറി അടച്ചിടേണ്ടി വരികയായിരുന്നു. 

industrialist offers flight ticket to technicians to get back to factory
Author
Hubli, First Published Oct 16, 2020, 11:48 AM IST

ഹുബ്ബളി: ലോക്ക്ഡൌണ്‍ കാലത്ത്  പശ്ചിമബംഗാളിലേക്കും തമിഴ്നാട്ടിലേക്കും മടങ്ങിപ്പോയ തൊഴിലാളികള്‍ക്ക് തിരികെ വരാനായി വിമാന ടിക്കറ്റ് നല്‍കി തുകല്‍ ഫാക്ടറി ഉടമ. കര്‍ണാടകയിലെ ഹുബ്ബളിയിലെ ലെതര്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം ലോക്ക്ഡൌണ്‍ കഴിഞ്ഞിട്ടും പുനരാരംഭിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഉടമയുടെ തീരുമാനം. ഹുബ്ബളിയിലെ തരിഹാല്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയുടെ ഉടമ ചന്ദ്രകാന്ത് ഗാഡികര്‍ ആണ് തൊഴിലാളികള്‍ക്ക് തിരികെയെത്താനായി വിമാനടിക്കറ്റ് നല്‍കുന്നത്. 

ഒരു കോടി രൂപ മുടക്കിയാണ് ചന്ദ്രകാന്ത് ഫാക്ടറി തുടങ്ങിയത്. മെഷീനുകള്‍ എത്തിച്ച് ഫെബ്രുവരിയിലായിരുന്നു ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ഒരുമാസത്തിനുള്ളില്‍ കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ ഫാക്ടറി അടച്ചിടേണ്ടി വരികയായിരുന്നു. ലോക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ അയവ് വന്ന മുറയ്ക്ക് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികളെ ലഭിക്കാതിരുന്നത് വെല്ലുവിളിയായി. പശ്ചിമ ബംഗാളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായിരുന്നു ഫാക്ടറിയിലേക്ക് ടെക്നീഷ്യന്‍മാര്‍ എത്തിയിരുന്നത്. ഇതോടെയാണ് ഇവരെ വിമാനത്തില്‍ തിരികെയെത്തിക്കാന്‍ ചന്ദ്രകാന്ത് തീരുമാനിക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്നുള്ള ടെക്നീഷ്യന്‍മാര്‍ ഈ ആഴ്ചയിലും തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ അടുത്ത ആഴ്ചയിലുമായി എത്തുമെന്നാണ് ചന്ദ്രകാന്ത് ന്യൂഇന്ത്യന്‍ എക്സ്പ്രസിനോട് വിശദമാക്കിയത്. ഇവരെത്തുന്നതോടെ ഫാക്ടറിയുടെ പ്രവര്‍ത്തനം പൂര്‍ണ സജ്ജമാകുമെന്നാണ് ചന്ദ്രകാന്ത് പ്രതീക്ഷിക്കുന്നത്. 

ജാക്കറ്റുകള്‍, ബാഗുകള്‍, പഴ്സുകള്‍, കയ്യുറകള്‍, ചെരിപ്പ് അടക്കമുള്ള ലെതര്‍ ഉത്പന്നങ്ങളായിരുന്നു ഫാക്ടറിയില്‍ നിര്‍മ്മിച്ചിരുന്നത്. ലെതര്‍ വ്യവസായവുമായി ബന്ധപ്പെട്ട് ടെക്നീഷ്യന്‍മാരെ ഈ പ്രദേശത്ത് ലഭിക്കാതെ വന്നതോടെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ആശ്രയിക്കേണ്ടി വന്നതെന്നാണ് ചന്ദ്രകാന്ത് പറയുന്നു. 30 തൊഴിലാളികളാണ് ഫാക്ടറിയില്‍ ജോലി ചെയ്യുന്നത്. തൊഴിലാളികള്‍ മടങ്ങിയെത്തിയാല്‍ തദ്ദേശീയരായ കുറച്ച് പേര്‍ക്ക് പരിശീലനം നല്‍കുന്നതിനേക്കുറിച്ചുള്ള ആലോചനയിലാണ് ചന്ദ്രകാന്തുള്ളത്. 

Follow Us:
Download App:
  • android
  • ios