Asianet News MalayalamAsianet News Malayalam

ഹത്റാസ് സംഭവം: യുവതിയുടെ മരണത്തിന് കാരണം നട്ടെല്ലിനേറ്റ പരിക്ക്

പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യവ്യാപക പ്രതിഷേധമുയരുന്നതിനിടെ അവരുടെ ഗ്രാമത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് യുപി പോലീസ്. പെൺകുട്ടിയുടെ ഗ്രാമമായ ബൂൽഗാർഗിയിലേക്കുള്ള എല്ലാ വഴികളിലും പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചു.

Injury in backspin caused to the death of hathras women
Author
Hathras, First Published Oct 1, 2020, 1:06 PM IST

ദില്ലി: നട്ടെല്ലിനേറ്റ ഗുരുതര പരിക്കാണ് ഹത്റാസ് പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ബലാത്സംഗം നടന്നോയെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് സാമ്പിളുകള്‍ അയച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹത്റാസില്‍ ഈ മാസം 31 വരെ  നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കേ രാഹുല്‍ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഇന്ന് പെണ്‍കുട്ടിയുടെ വീട് സന്ദർശിക്കും.

പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് പരിക്കുകളുണ്ടെങ്കിലും ബലാത്സംഗത്തിനിടെ നടന്നതാണോയെന്ന് വ്യക്തമല്ലെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. ബലാത്സംഗം നടന്നോയെന്ന് തെളിയിക്കാന്‍ അതിനാല്‍ കൂടുതല്‍ പരിശോധനകള്‍ വേണം. സുഷുമ്ന നാഡിക്കുണ്ടായ ക്ഷതം വഴിയുണ്ടായ അണുബാധയാണ് മരണകാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴുത്തിലെ  എല്ലുകള്‍ക്കും പൊട്ടലുണ്ട്. 

പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യവ്യാപക പ്രതിഷേധമുയരുന്നതിനിടെ അവരുടെ ഗ്രാമത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് യുപി പോലീസ്. പെൺകുട്ടിയുടെ ഗ്രാമമായ ബൂൽഗാർഗിയിലേക്കുള്ള എല്ലാ വഴികളിലും പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചു. മാധ്യമങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും പ്രവേശനമില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ സന്ദർശനത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് നടപടിയെന്നാണ് പൊലീസിന്‍റെ  വിശദീകരണം.

അതേ സമയം രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും   വഴിമുടക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഇതിനിടെ  ഗ്രാമത്തിലെത്തിയ പ്രത്യേക അന്വേഷണസംഘം പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു.

Follow Us:
Download App:
  • android
  • ios