ദില്ലി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ ശക്തമായ നിയമനിര്‍മ്മാണം ആവശ്യമാണെന്നും പ്രതികള്‍ക്ക് കഠിനമായ ശിക്ഷകള്‍ നല്‍കണമെന്നും ബിഎസ്‍പി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി ആവശ്യപ്പെട്ടു. 

'ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് പുതിയ മുഖം കൈവരിച്ചിരിക്കുകയാണ്. നിഷ്കളങ്കരായ സ്ത്രീകളാണ് ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തിന് ഇപ്പോള്‍ ഇരയാകുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന പേരില്‍ സ്ത്രീകളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുമ്പോള്‍ ജനങ്ങളും ഭയപ്പെടുന്നു.

ഇത്തരം പ്രവര്‍ത്തികളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയമങ്ങള്‍ സ്വീകരിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പേരക്കുട്ടിക്കൊപ്പമെത്തിയ മധ്യവയസ്കയെ, കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നാരോപിച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മായാവതി. 

ഇന്നലെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നുവെന്നാരോപിച്ച് ആള്‍ക്കൂട്ടം പേരക്കുട്ടിക്കൊപ്പമെത്തിയ മധ്യവയസ്കയെ മര്‍ദ്ദിച്ചത്. പേരക്കുട്ടിയുമായി ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങനെത്തിയപ്പോഴാണ് ഇവര്‍ മര്‍ദ്ദനത്തിന് ഇരയായത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും വെറുതേ വിടണമെന്നും മര്‍ദ്ദനത്തിന് ഇരയായ സ്ത്രീ അപേക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന്‍റെ  ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി നിരവധിപ്പേരാണ് രംഗത്തെത്തിയത്.