Asianet News MalayalamAsianet News Malayalam

പെണ്‍കുട്ടികളെ മൂല്യമുള്ളവരാക്കി വളര്‍ത്തൂ; അധികാരം കൊണ്ട് മാത്രം പീഡനം തടുക്കാനാവില്ല ബിജെപി എംഎല്‍എ

പെണ്‍മക്കളെ സംസ്കാരമുള്ളവരായി വളര്‍ത്തണം. ശാലീനമായ രീതിയില്‍ പെരുമാറാന്‍ അവരെ പഠിപ്പിക്കണം. ഇത് കുടുംബത്തിന്‍റെ ഉത്തരവാദിത്തമാണ്. പെണ്‍കുട്ടികള്‍ അത്തരത്തില്‍ വളര്‍ന്നാല്‍ പിന്നെ പീഡനമുണ്ടാകില്ല

instilling good values to girls can help stop rapes says BJP MLA Surendra Singh
Author
Balia, First Published Oct 4, 2020, 9:01 AM IST

ബാലിയ(ഉത്തര്‍പ്രദേശ്): ഹാഥ്റാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. പെണ്‍കുട്ടികളെ സംസ്കാരശീലരായി വളര്‍ത്തിയാല്‍ പീഡനം എന്ന പ്രശ്നം ഉണ്ടാവില്ലെന്നാണ് ഉത്തര്‍ പ്രദേശിലെ ബൈരിയ മണ്ഡലത്തിലെ എംഎല്‍എ സുരേന്ദ്ര സിംഗ് എഎന്‍ഐയോട് പ്രതികരിച്ചത്.

നല്ല മൂല്യങ്ങള്‍ നല്‍കി പെണ്‍കുട്ടികളെ വളര്‍ത്തണം. അധികാരവും വാളും കൊണ്ട് മാത്രം അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല പീഡനം. അതിന് എല്ലാ രക്ഷിതാക്കളും തങ്ങളുടെ പെണ്‍മക്കളെ സംസ്കാരമുള്ളവരായി വളര്‍ത്തണം. ശാലീനമായ രീതിയില്‍ പെരുമാറാന്‍ അവരെ പഠിപ്പിക്കണം. ഇത് കുടുംബത്തിന്‍റെ ഉത്തരവാദിത്തമാണ്. പെണ്‍കുട്ടികള്‍ അത്തരത്തില്‍ വളര്‍ന്നാല്‍ പിന്നെ പീഡനമുണ്ടാകില്ലെന്നും സുരേന്ദ്ര സിംഗ് പറയുന്നു.

താനൊരു ജനപ്രതിനിധി മാത്രമല്ല അധ്യാപകന്‍ കൂടിയാണെന്നും എംഎല്‍എ അവകാശപ്പെടുന്നു. സര്‍ക്കാരിന്‍റെ ചുമതലയാണ് സംരക്ഷണം നല്‍കുക എന്നത്. അത് പോലെ തന്നെ കുടുംബത്തിന്‍റെ ഉത്തരവാദിത്തമാണ് പെണ്‍കുട്ടികള്‍ക്ക് മൂല്യങ്ങള്‍ നല്‍കുക എന്നത്. ഇവ രണ്ടും ചേര്‍ന്നാലേ രാജ്യം നന്നാവൂ. അതാണ് ഒരു വഴിയെന്നും എംഎല്‍എ പറയുന്നു. പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഉത്തര്‍പ്രദേശില്‍ ഇതൊരു പ്രശ്നമായി ഉയര്‍ത്തിക്കൊണ്ട് വരാന്‍ സാധിക്കില്ലെന്നും സുരേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ക്കുന്നു.

നേരത്തെ ഗോഡ്സെ ഭീകരവാദിയായിരുന്നില്ലെന്ന് അഭിമാനത്തോടെ പറയാമെന്ന് പ്രഖ്യാപിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ചയാളാണ് സുരേന്ദ്ര സിംഗ്. ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവും സ്വാതന്ത്ര്യസമര നേതാവും അഹിംസാവാദിയും ആയിരുന്നു എന്ന കാര്യത്തില്‍ സംശയമില്ലെന്നും എംഎല്‍എ പറഞ്ഞിരുന്നു. മതാടിസ്ഥാനത്തില്‍ വിഭജിച്ച സമയത്തുതന്നെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നായിരുന്നു സുരേന്ദ്ര സിംഗ് നേരത്തെ പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios