ദില്ലി: കശ്മീര്‍ സന്ദര്‍ശനത്തിനായി യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തെ ക്ഷണിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാതെ, യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെ ക്ഷണിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹവും ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിക്കുന്നതുമാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.

370ാം വകുപ്പ് റദ്ദാക്കിയത് പാര്‍ലമെന്‍റില്‍ ചര്‍ച്ചയായപ്പോള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന തന്‍റെ ആവശ്യം ഇപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ല. അതേസമയം കശ്മീര്‍ സന്ദര്‍ശനത്തിന് യൂറോപ്യന്‍ പ്രതിനിധികളെ ക്ഷണിക്കുകയും ചെയ്തു. ഈ നടപടി ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും നയതന്ത്രജ്ഞന്‍ കെ സി സിംഗും രംഗത്തെത്തിയിരുന്നു.