Asianet News MalayalamAsianet News Malayalam

ബിഹാര്‍ തോല്‍വിയെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം; പ്രവര്‍ത്തക സമിതി ഉടന്‍ ചേരും

കേന്ദ്ര നേതൃത്വത്തിന്‍റെ പിടിപ്പുകേട് കൊണ്ടാണ് ബിഹാറില്‍ തോറ്റെന്ന് വിമര്‍ശിച്ച കപില്‍ സിബലിനെതിരെ ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തര്‍ പടയൊരുക്കം ശക്തമാക്കി.ബിഹാര്‍ തോല്‍വി ചര്‍ച്ച ചെയ്യാന്‍ കോണ്‍‌ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ ചേരും.

internal rift intensifies in congress over Bihar defeat working committee meeting soon
Author
Delhi, First Published Nov 18, 2020, 12:47 PM IST

ദില്ലി: ബിഹാര്‍ തോല്‍വിയെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം രൂക്ഷം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കം പാളിയെന്നും, പാര്‍ട്ടി ആത്മ പരിശോധന നടത്തണമെന്നും മുതിര്‍ന്ന നേതാവ് താരിഖ് അന്‍വര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേതൃത്വത്തെ വിമര്‍ശിച്ച കപില്‍ സിബലിനെതിരെ സോണിയ ഗാന്ധിയുടെ വിശ്വസ്തര്‍ ഒന്നൊന്നായി രംഗത്തെത്തുകയാണ്. ബിഹാര്‍ തോല്‍വി ചര്‍ച്ച ചെയ്യാന്‍ കോണ്‍‌ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ ചേരും.

പാര്‍ട്ടി വിലയിരുത്തിയ പരാജയ കാരണങ്ങള്‍ താരിഖ് അന്‍വര്‍ എണ്ണമിടുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പാളിച്ചയുണ്ടായി. രാഹുല്‍ഗാന്ധി ബിഹാറില്‍ പ്രചാരണം നടത്തിയെങ്കിലും കൂടുതല്‍ വേദികളില്‍ എത്തിക്കാനായില്ല. കേന്ദ്ര നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്ന് പറയാന്‍ കഴിയില്ലെങ്കിലും ആത്മപരിശോധന ആവശ്യമാണ്. കപില്‍ സിബലിന്‍റെ വിമര്‍ശനത്തെ തള്ളിപ്പറയാത്ത താരിഖ് അന്‍വര്‍ അദ്ദേഹം വിമര്‍ശിച്ച രീതി ശരിയായില്ലെന്ന് കുറ്റപ്പെടുത്തി.

കേന്ദ്ര നേതൃത്വത്തിന്‍റെ പിടിപ്പുകേട് കൊണ്ടാണ് ബിഹാറില്‍ തോറ്റെന്ന് വിമര്‍ശിച്ച കപില്‍ സിബലിനെതിരെ ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തര്‍ പടയൊരുക്കം ശക്തമാക്കി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന് പിന്നാലെ ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും  രംഗത്തെത്തി. ബിഹാറിലെന്നല്ല ഒരു സംസ്ഥാനത്തെയും പ്രചാരണ രംഗത്ത് കപില്‍ സിബലിനെ കണ്ടിട്ടില്ലെന്നും വെറുതെ വാചകമടിക്കാന്‍ ആര്‍ക്കും കഴിയുമെന്നും അധിര്‍ രഞ്ജൻ ചൗധരി പരിഹസിച്ചു. സംഘടനാ കാര്യത്തില്‍  സോണിയഗാന്ധിയെ സഹായിക്കാന്‍ രൂപീകരിച്ച പ്രത്യേക സമിതിയുടെ യോഗത്തില്‍ നേതൃത്വത്തിനെതിരായ പരസ്യപ്രസ്താവനകള്‍ നിയന്ത്രിക്കണമെന്ന ആവശ്യം ഉയര്‍ന്നു.

Follow Us:
Download App:
  • android
  • ios