ഇന്ത്യയില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര സര്‍വീസുകള്‍ ഡിഡംബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.  കൊവിഡ് വെല്ലുവിളി കുറഞ്ഞ രാജ്യങ്ങളിലേക്ക് മാത്രമാണ് സര്‍വീസുകള്‍ അനുവദിക്കുക. 

ദില്ലി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ (International Flight service) ഡിസംബര്‍ 15 മുതല്‍ സാധാരണ നിലയില്‍. അതേസമയം 14 രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. ഇന്ത്യയില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര സര്‍വീസുകള്‍ ഡിഡംബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം (Aviation Ministry) വ്യക്തമാക്കി. കൊവിഡ് (Covid 19) വെല്ലുവിളി കുറഞ്ഞ രാജ്യങ്ങളിലേക്ക് മാത്രമാണ് സര്‍വീസുകള്‍ അനുവദിക്കുക. രാജ്യങ്ങളെ മൂന്ന് കാറ്റഗറിയായി തിരിച്ചായിരിക്കും സര്‍വീസ് നടത്തുക. എന്നാല്‍ 14 രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കില്ല. യു.കെ, ഫ്രാന്‍സ്, ജര്‍മനി, സൗത്ത് ആഫ്രിക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവിടങ്ങളില്‍ ഇപ്പോള്‍ നടത്തുന്ന എയര്‍ ബബിള്‍ സംവിധാനത്തില്‍ സര്‍വീസ് തുടരും.

2020 മാര്‍ച്ചില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിമാന സര്‍വീസ് പൂര്‍ണമായി നിര്‍ത്തലാക്കിയത്. തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാന്‍ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചു. പിന്നീട് കൊവിഡ് കെട്ടടങ്ങിയതിന് ശേഷം എയര്‍ ബബിള്‍ സംവിധാനത്തില്‍ അന്താരാഷ്ട്ര സര്‍വീസ് നടത്തി. കൊവിഡ് വെല്ലുവിളി കുറഞ്ഞെന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസ് സാധാരണ നിലയിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 18 മാസത്തിന് ശേഷമാണ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം. ടൂറിസം മേഖലയിലെ പ്രതിസന്ധികള്‍ കൂടി കണക്കിലെടുത്താണ് തീരുമാനം.