Asianet News MalayalamAsianet News Malayalam

കൊവിഡിനെതിരായ പോരാട്ടത്തിൽ യോഗ പ്രത്യാശ നൽകുന്നുവെന്ന് പ്രധാനമന്ത്രി; യോഗ ശാസ്ത്രീയമെന്ന് മുഖ്യമന്ത്രി

കൊവിഡിനെതിരായ പോരാട്ടത്തില്‍ യോഗ കൂടുതല്‍ പ്രത്യാശ നല്‍കുന്നുവെന്നും സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലനം നല്‍കണമെന്നും പ്രധാനമന്ത്രി. 

international yoga day pm modi and cm Pinarayi Vijayan
Author
Delhi, First Published Jun 21, 2021, 8:55 AM IST

ദില്ലി: ഇന്ന് അന്താരാഷ്ട്ര യോഗാദിനം. ഓരോ വ്യക്തിക്കും സൗഖ്യം നല്‍കുകയാണ് യോഗയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാദിന സന്ദേശത്തില്‍ പറഞ്ഞു. ഓരോ കുടുംബവും ആരോഗ്യമുള്ളതാകട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു. മനശക്തി കൈവരിക്കാനുള്ള മാര്‍ഗമാണ് യോഗ. ഈ ദുരിതകാലത്ത് യോഗയ്ക്ക് ഏറെ പ്രസക്തിയുണ്ട്. യോഗയോടുള്ള താല്‍പര്യം ലോകമെങ്ങും വര്‍ധിക്കുകയാണ്. യോഗയെ എല്ലാവരും ജീവിതത്തിന്‍റെ ഭാഗമാക്കണം. കൊവിഡിനെതിരായ പോരാട്ടത്തില്‍ യോഗ കൂടുതല്‍ പ്രത്യാശ നല്‍കുന്നുവെന്നും സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. യോഗ ദിനത്തിന്റെ ഭാഗമായുളള പ്രത്യേക ചടങ്ങുകൾ ദില്ലിയിൽ നടക്കുകയാണ്. 

സംസ്ഥാനത്തും അന്താരാഷ്ട്ര യോഗ ദിനാചരണം

യോഗ ശാസ്ത്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്താരാഷ്ട്ര യോഗ ദിനാചരണ സന്ദേശത്തില്‍ പറഞ്ഞു. യോഗയ്ക്ക് ആരോഗ്യവും ശാന്തിയും ഉറപ്പ് വരുത്താൻ കഴിയും. ശാസ്ത്രീയ വിലയിരുത്തലിലൂടെ യുഎൻ ജനറൽ അസംബ്ലി തന്നെ അംഗീകരിച്ചതാണ് യോഗ. ആത്മീയത, മതം എന്നിവയുമായി ബന്ധപ്പെടുത്തി യോഗയെ കാണേണ്ടതില്ല. മതത്തിന്റെ കള്ളിയിൽ കണ്ടാൽ വലിയൊരു വിഭാഗത്തിന് ഈ സാദ്ഫലം നഷ്ടമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷ സ്വഭാവം നിലനിർത്തി യോഗ പ്രചരിപ്പിക്കുന്നതിൽ യോഗാ അസോസിയേഷൻ ഓഫ് കേരളയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയുഷ് മിഷന്‍ നിരവധി പരിപാടികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 'വീട്ടില്‍ കഴിയാം യോഗയ്‌ക്കൊപ്പം' എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനാചരണ തീം. യോഗത്തോണ്‍, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ യോഗ സെഷന്‍, ആയുര്‍യോഗ പദ്ധതി എന്നിവയാണ് പ്രധാന പരിപാടികള്‍.
 

Follow Us:
Download App:
  • android
  • ios