Asianet News MalayalamAsianet News Malayalam

Maharashtra Amravati| മഹാരാഷ്ട്ര അംരാവതിയില്‍ സംഘര്‍ഷം; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, നാല് ദിവസം കര്‍ഫ്യൂ

ശനിയാഴ്ചയാണ് സമരത്തിനിടെ വ്യാപക ആക്രമണമുണ്ടായത്. കൊടിയും പിടിച്ച് മുദ്രാവാക്യവും വിളിച്ചെത്തിയ പ്രവര്‍ത്തകര്‍  രാജ്കമല്‍ ചൗക്ക് ഏരിയയില്‍ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കല്ലെറിയുകയായിരുന്നു. അക്രമികള്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി.
 

Internet Shut, 4-Day Curfew In Maharashtra's Amravati Over Fresh Violence
Author
Mumbai, First Published Nov 14, 2021, 12:15 PM IST

അംരാവതി: മഹാരാഷ്ട്ര അംരാവതിയില്‍ (Amravati) സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് (Internet) വിച്ഛേദിച്ചു(Shut). ബിജെപി (BJP) നടത്തിയ ബന്ദിനിടയില്‍ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. നഗരത്തില്‍ നാല് ദിവസത്തെ കര്‍ഫ്യൂ (Curfew) പ്രഖ്യാപിച്ചു. അക്രമം വ്യാപിക്കാതിരിക്കാനും വ്യാജ വാര്‍ത്തകളും വിവരങ്ങളും പ്രചരിക്കാതിരിക്കാനുമാണ് മൂന്ന് ദിവസം നഗരത്തില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതെന്ന് സിറ്റി കമ്മീഷണര്‍ ആരതി സിങ് പറഞ്ഞു. നഗരത്തില്‍ നേരത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ശനിയാഴ്ചയാണ് സമരത്തിനിടെ വ്യാപക ആക്രമണമുണ്ടായത്. കൊടിയും പിടിച്ച് മുദ്രാവാക്യവും വിളിച്ചെത്തിയ പ്രവര്‍ത്തകര്‍  രാജ്കമല്‍ ചൗക്ക് ഏരിയയില്‍ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കല്ലെറിയുകയായിരുന്നു.

അക്രമികള്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി. വെള്ളിയാഴ്ചയും നഗരത്തില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കാനോ ആശുപത്രി ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാനോ അനുവാദമില്ല.

ത്രിപുരയില്‍ മുസ്ലിം പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായി എന്നാരോപിച്ച് വെള്ളിയാഴ്ച മുസ്ലിം സംഘടനകള്‍ നഗരത്തില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. ഈ റാലിക്കിടെയും കല്ലേറുണ്ടായെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചത്തെ സംഭവവുമായി ബന്ധപ്പെട്ട് 20 പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. 20 എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു. ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാന്‍ അംരാവതി കലക്ടറേറ്റില്‍ ആയിരങ്ങളാണ് എത്തിയത്. തുടര്‍ന്നാണ് കല്ലേറുണ്ടായത്. മഹാരാഷ്ട്ര സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് ശിവസേന ആരോപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ത്രിപുരയില്‍ നടക്കാത്ത സംഭവത്തില്‍ മഹാരാഷ്ട്രയില്‍ പ്രതിഷേധം നടന്നത് സംഭവിക്കാന്‍ പാടില്ലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രസ്താവനകള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നടത്തരുതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മുന്നറിയിപ്പ് നല്‍കി.
 

Follow Us:
Download App:
  • android
  • ios