6 പേർ അറസ്റ്റിലായതായി ദില്ലി പൊലീസ്; പണവും ഡിജിറ്റൽ ഉപകരണങ്ങളും പിടികൂടി
ദില്ലി: ഐപിഎൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട് അന്തർ സംസ്ഥാന സംഘം ദില്ലിയിൽ പിടിയിൽ. സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു. ഇവരിൽ നിന്ന് പണവും ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെത്തി. പഞ്ചാബിൽ നിന്നുള്ള സംഘവും വാതുവയ്പ്പിന് പിന്നിലുണ്ടെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.
രാഹുൽ ഗാർഗ് (30), കുണാൽ ഗാർഗ് (30), സഞ്ജീവ് കുമാർ (50), അശോക് ശർമ(51), ധർമാത്മ ശർമ (46), കനയ്യ (21) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് സംഘത്തെ വലയിലാക്കിയതെന്ന് ദില്ലി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ സമീർ ശർമ പറഞ്ഞു. ദില്ലിയിലെ ചന്ദർ വിഹാർ എന്ന സ്ഥലം കേന്ദ്രീകരിച്ചായിരുന്നു വാതുവയ്പ്പ് സംഘം പ്രവർത്തിച്ചിരുന്നതെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.
രണ്ട് ലാപ്ടോപ്, മൂന്ന് റൗട്ടറുകൾ, രണ്ട് എൽഇഡി ടെലിവിഷൻ സെറ്റുകൾ, 10 മൊബൈൽ ഫോണുകൾ, വോയ്സ് റെക്കോർഡറുകൾ, 74,740 രൂപ എന്നിവയും സംഘത്തിൽ നിന്ന് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ ഐപിസി 3,4,9, 55 വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
