Asianet News MalayalamAsianet News Malayalam

ഐഎൻഎക്സ് മീഡിയ കേസ്; പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വിധി നാളെ

ചിദംബരത്തിനെതിരെ ഗൗരവമായ തെളിവുകൾ ഉണ്ടെന്നാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ദില്ലി ഹൈക്കോടതി പറഞ്ഞത്. എന്നാല്‍, തനിക്കെതിരെ ഒരു തെളിവും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പക്കൽ ഇല്ലെന്നാണ് ചിദംബരത്തിന്‍റെ വാദം. 

inx media case sc deliver verdict on p chidambarams bail plea in wednesday
Author
Delhi, First Published Dec 3, 2019, 7:19 PM IST

ദില്ലി: ഐഎൻഎക്സ് മീഡിയ എൻഫോഴ്സ്മെന്‍റ് കേസിൽ ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പി ചിദംബരം നൽകിയ ഹര്‍ജിയില്‍ നാളെ സുപ്രീംകോടതി വിധി പറയും. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറയുക. 

ചിദംബരത്തിനെതിരെ ഗൗരവമായ തെളിവുകൾ ഉണ്ടെന്നാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ദില്ലി ഹൈക്കോടതി പറഞ്ഞത്. ഐഎൻഎക്സ് മീഡിയ കമ്പനിക്ക് ചട്ടങ്ങൾ ലംഘിച്ച് വിദേശ നിക്ഷേപം സ്വീകരിക്കാൻ ചിദംബരം ഇടപെട്ടതിനുള്ള തെളിവുണ്ടെന്നും ദില്ലി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ആരോപണങ്ങൾ മാത്രമല്ലാതെ തനിക്കെതിരെ ഒരു തെളിവും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പക്കൽ ഇല്ലെന്നാണ് ചിദംബരത്തിന്‍റെ വാദം. 

ഒക്ടോബര്‍ 16നാണ് ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്തത്. ദില്ലി റോസ് അവന്യൂ കോടതി ചിദംബരത്തിന്‍റെ ജ്യുഡീഷ്യല്‍ കസ്റ്റഡി റിമാന്‍റ് അടുത്ത 11 വരെ നീട്ടിയിരുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിൽ സുപ്രീംകോടതി ചിദംബരത്തിന് നേരത്തെ ജാമ്യം നൽകിയിരുന്നു. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎൻഎക്സ് മീഡിയ. 

Follow Us:
Download App:
  • android
  • ios