ദില്ലി: 2500 കോടി രൂപയുടെ ശാരദ ചിട്ടി ഫണ്ട് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണർ രാജീവ് കുമാർ രണ്ടാം തവണയും ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇതേത്തുടർന്ന് രാജീവ് കുമാറിനെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ സിബിഐ തീരുമാനിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് കൊൽക്കത്ത സാൾട്ട് ലേക്കിലെ സിബിഐ ഓഫീസിൽ ഹാജരാകാനായിരുന്നു സിബിഐ നി‍ർദേശം നൽകിയത്.

ശനിയാഴ്ച ചോദ്യം ചെയ്യുന്നതിന് ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടപ്പോഴും രാജീവ് കുമാർ ​ഹാജരായിരുന്നില്ല. മറിച്ച് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് രാജീവ് കുമാർ സിബിഐയ്ക്ക് ഇ മെയിൽ സന്ദേശം അയച്ചു. അതേസമയം, കേസിൽ രാജീവ് കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യാന്‍ മൂന്നു തവണ സമന്‍സ് നല്‍കിയിട്ടും ഹാജരാകാതിരുന്ന രാജീവ് കുമാറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് സിബിഐ  ആവശ്യപ്പെട്ടേക്കും.

ഇപ്പോൾ സിഐഡി അഡിഷ‌നൽ ഡയറക്ടറായ രാജീവ്കുമാർ, മുമ്പ് ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ ബംഗാൾ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ മേൽനോട്ടം വഹിച്ചിരുന്നു. 2014ലാണ് കേസ് സിബിഐ ഏറ്റെടുത്തത്. കേസിലെ സുപ്രധാന തെളിവുകള്‍ രാജീവ് കുമാര്‍ നശിപ്പിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.