ദില്ലി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായതിന് പിന്നാലെ ഐപിഎസ് ഉദ്യോ​ഗസ്ഥൻ ജോലിയിൽ നിന്ന് രാജിവച്ചു. മഹാരാഷ്ട്ര കേഡറിലെ ഉദ്യോഗസ്ഥനായ അബ്ദുര്‍ റഹ്മാനാണ് രാജിവച്ചത്. ദേശീയ പൗരത്വ ഭേദഗതി ബില്ല് രാജ്യത്തെ മതബഹുസ്വരതക്കെതിരാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

'ദേശീയ പൗരത്വ ഭേദഗതി ബിൽ ഭരണഘടനയ്ക്ക് എതിരാണ്.  നീതിയെ സ്‌നേഹിക്കുന്ന എല്ലാ ജനങ്ങളും ജനാധിപത്യ മാര്‍ഗത്തില്‍ ബില്ലിനെ എതിര്‍ക്കണം. ഇത് ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയ്ക്ക് വിരുദ്ധമാണ്'- അബ്ദുര്‍ റഹ്മാന്‍ തന്റെ രാജി പ്രഖ്യാപിച്ചു കൊണ്ട് ട്വിറ്ററിൽ കുറിച്ചു.

105-നെതിരെ 125-വോട്ടുകള്‍ക്കാണ് പൗരത്വ നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. ശിവസേന ഇറങ്ങിപ്പോയി. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും. പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 

ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന ദിനമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയില്‍ അനുകൂലിച്ച എംപിമാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അതേസമയം, ബിൽ രാജ്യസഭയില്‍ പാസാക്കിയതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷത്ത് നിന്ന് ഉയരുന്നത്.

ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസീം ലീഗും കോണ്‍ഗ്രസും അറിയിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതികരിച്ചത്. ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരായ വർഗ്ഗീയ ശക്തികളുടെ വിജയമാണ് രാജ്യസഭയില്‍ ഇന്ന് ഉണ്ടായതെന്നും ബിൽ ഇന്ത്യയെ വിഭജിക്കുമെന്നും സോണിയാ ഗാന്ധി പറഞ്ഞിരുന്നു.