ദില്ലി: കഴി‌ഞ്ഞ ദിവസം ഇറാന്‍ സൈന്യം പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കപ്പലില്‍ കുടങ്ങിയ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്നും ഇവരുടെ മോചനത്തിനായി ശ്രമിക്കുകയാണെന്നും വി മുരളീധരൻ അറിയിച്ചു. കപ്പലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി ഇറാൻ സർക്കാരുമായി ബന്ധപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾ കൂടാതെ ലാത്വിയ, റഷ്യ, ഫിലിപ്പൈന്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും കപ്പലിൽ കുടുങ്ങിക്കിടക്കുകയാണ്. സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന സ്റ്റെന ഇംപെറോ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ഇറാന്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ചുവെന്നാരോപിച്ചാണ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും ടാങ്കറിലുള്ളവരുമായി ആശയവിനിമയം നടത്താനോ സാധിക്കുന്നില്ലെന്ന് ടാങ്കർ ഉടമകൾ അറിയിച്ചിരുന്നു.

അതേസമയം, ടാങ്കർ മോചിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ഇറാന് മുന്നറിയിപ്പ് നൽകി. തെഹ്റാനിലുള്ള ബ്രിട്ടീഷ് സ്ഥാനപതി ഇറാൻ അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും ഹണ്ട് അറിയിച്ചു. ഇന്നലെ മറ്റൊരു ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുക്കാൻ ഇറാൻ ശ്രമിച്ചെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. മേഖലയിലൂടെ യാത്ര ചെയ്യുന്നതിൽ നിന്ന് ബ്രിട്ടീഷ് കപ്പലുകളെ താത്കാലികമായി വിലക്കിയതായി ബ്രിട്ടൻ അറിയിച്ചു.

ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയതിയ് ശേഷമാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. കഴിഞ്ഞ ദിവസം ജിബ്രാള്‍ട്ടര്‍ കടലില്‍ നിന്ന് ഇറാന്‍റെ എണ്ണക്കപ്പല്‍ ബ്രിട്ടണ്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടന്റെ എണ്ണകപ്പൽ ഇറാൻ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം വ്യോമപരിധി ലംഘിച്ച ഇറാന്റെ ഡ്രോൺ വെടിവച്ചിട്ടതായി അമേരിക്ക അറിയിച്ചിരുന്നു. മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ തീരുമാനിച്ചതായി അമേരിക്ക അറിയിച്ചു.