ഭുവനേശ്വര്‍: കൊറോണ വൈറസ് ബാധിതനെന്ന സംശയത്തെ തുടർന്ന് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഐറിഷ് പൗരൻ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു. ഒഡീഷയിലെ കട്ടക്കിലുള്ള സർക്കാർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് ഐറിഷ് പൗരൻ രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് യുവാവ് വാർഡിൽനിന്ന് രക്ഷപ്പെട്ട വിവരം ആശുപത്രി അധികൃതർ അറിയുന്നത്. 

ഭുവനശ്വേറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ പനി അടക്കമുള്ള കൊറോണ ലക്ഷണങ്ങള്‍ കണ്ടത്തിയതോടെയാണ്‌ ഇയാളെ എസ്‍സിബി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. ഇവിടെനിന്നും ഇയാളെ കട്ടക്കിലുള്ള സർ‌ക്കാർ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇയാൾക്കൊപ്പം മറ്റൊരു സഹയാത്രികനുംകൂടി ഉണ്ടായിരുന്നു. ഇയാളെയും കാണാനില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, ഇരുവരും എങ്ങനെയാണ് ആശുപത്രിയിൽ രക്ഷപ്പെട്ടതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും ആശുപത്രി ഉദ്യോഗസ്ഥനായ ബി മഹാരാന പറഞ്ഞു.

നിരീക്ഷണത്തില്‍ തുടരുന്നതിനിടെ ഇരുവരും അധികൃതരെ അറിയിക്കാതെ പുറത്തേക്ക് കടന്നതായിരിക്കാമെന്ന് മംഗളാബാഗ് പൊലീസ് പറഞ്ഞു. ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞ ഐറിഷ് പൗരനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.