ശ്രീനഗര്‍: ജമ്മുകശ്മീര്‍ അശാന്തമാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ ആശ്വാസമായി ഇര്‍മിം ഷമീം. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശനം ലഭിക്കുന്ന ജമ്മു കശ്മീരിലെ റജൗരി ജില്ലയില്‍ നിന്നുള്ള ആദ്യ ഗുജ്ജര്‍ പെണ്‍കുട്ടിയാവുകയാണ് ഇര്‍മിം. ജൂണില്‍ ഇര്‍മിം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയിരുന്നു. 

എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ ഒരുപാട് സഹിച്ചിട്ടുണ്ട് ഇര്‍മിം. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ഇര്‍മിനെ പഠിപ്പിക്കാനുള്ള സാമ്പത്തിക ഭദ്രതയൊന്നും അവളുടെ കുടുംബത്തിനുണ്ടായിരുന്നില്ല. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നാണ് അവള്‍ പഠിച്ചത്. അവളുടെ ഗ്രാമത്തില്‍ നല്ല സ്കൂളുകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ദിവസവും പത്ത് കിലോമീറ്റര്‍ നടന്നാണ് അവള്‍ സ്കൂളില്‍ പോയിരുന്നത്. 

''എല്ലാവര്‍ക്കും അവരുടെ ലൈഫില്‍ പ്രശ്നങ്ങളുണ്ടാകും. പ്രതിസന്ധികളോട് കലഹിക്കുമ്പോള്‍ വിജയവും മുന്നിലെത്തും'' - ഇര്‍മിം പറഞ്ഞു. ഇര്‍മിം പരീക്ഷയെന്ന കടമ്പ കടന്നതടെ കുടുംബം ആഹ്ളാദത്തിലാണ്. മകളെ മികച്ച ഡോക്ടറായി കാണുകയും രാജ്യത്തിന് വേണ്ടി സേവനം ചെയ്യുകയും വേണമെന്നതാണ് അവരുടെ വലിയ ആഗ്രഹം. ഈ പ്രദേശത്തിന്‍റെ ഏക പ്രതീക്ഷ പെണ്‍കുട്ടികളിലാണെന്ന് ഇര്‍മിമിന്‍റെ അമ്മാവന്‍ ലിയാഖദ് ചൗദരി പറഞ്ഞു. ജില്ലാവികസന കമ്മീഷണര്‍ ഐജാസ് അസദ് ഇര്‍മിമിന് തുടര്‍പഠനത്തിനുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.