തിരുനെല്‍വേലി: തിരുനെല്‍വേലിയിലെ പ്രശസ്തമായ മധുരപലഹാര വില്‍പന കേന്ദ്രമായ ഇരുട്ടുകടൈ ഉടമ ഹരിസിംഗിനെ(80) മരിച്ച നിലയില്‍ കണ്ടെത്തി. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇയാളെ ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരി സിംഗ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. 

കടുത്ത പനിയെ തുടര്‍ന്നാണ് ഹരി സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റാനിരിക്കുകയായിരുന്നു. 

തമിഴ്‌നാട്ടിലെ പ്രശസ്ത മധുരപലഹാര വില്‍പന കേന്ദ്രമാണ് ഇരുട്ടുകടൈ. തിരുനെല്‍വേലി ഹല്‍വ വില്‍പനയിലൂടെയാണ് സ്ഥാപനം പ്രശസ്തമായത്. വൈകീട്ട് അഞ്ചുമുതല്‍ രാത്രി എട്ടുവരെയാണ് ഇരുട്ടുകടൈയുടെ പ്രവര്‍ത്തനം. ഓണ്‍ലൈനിലും വില്‍പന നടത്തിയിരുന്നു. ഹരി സിംഗിന്റെ മരണത്തില്‍ അനുശോചവുമായി നിരവധി പേര്‍ രംഗത്തെത്തി.