Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിലും എൻഐഎ റെയ്ഡ്; അന്വേഷണം റിയാസ് അബൂബക്കർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍

റിയാസ് അബൂബക്കർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കേരളത്തിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരടക്കമാണ് പരിശോധന നടത്തുന്നത്.

is connection nia raid in tamil nadu
Author
Chennai, First Published May 2, 2019, 12:05 PM IST

ചെന്നൈ: ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഇരുപതിലധികം ഓഫീസുകളില്‍ പരിശോധന നടത്തി. എന്‍ഐഎ അറസ്റ്റ് ചെയ്ത പാലക്കാട് റിയാസ് അബൂബക്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 

ശ്രീലങ്കന്‍ സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന റിയാസ് അബൂബക്കറിനെ കൂടുതല്‍ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്നാട്ടിലെ റെയ്ഡ്. ദേശീയ അന്വേഷണ ഏജന്‍സിയുടെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. കുംഭകോണം, രാമനാഥപുരം, തഞ്ചാവൂര്‍ കാരയ്ക്കല്‍ അടക്കം എസ്ഡ‍ിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്‍റെയും തൗഹീദ് ജമാഅത്തിന്‍റെ ഓഫീസുകളില്‍ മണിക്കൂറുകളോളം പരിശോധന നീണ്ടു.

ശ്രീലങ്കയിലെ സ്ഫോടന പരമ്പരയ്ക്ക് മൂന്ന് ദിവസം മുമ്പ് കോയമ്പത്തൂരിലെത്തിയ അജ്ഞാതനെ കുറിച്ചും ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ഉള്‍പ്പടെ സ്ഫോടന പരമ്പര നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. നാല് കോയമ്പത്തൂര്‍ സ്വദേശികളെയും രണ്ട് ധര്‍മ്മപുരി സ്വദേശികളെയും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇക്കാലയളവില്‍ തമിഴ്നാട്ടില്‍ സംശയാസ്പതമായി വന്ന് പോയ ശ്രീലങ്കന്‍ സ്വദേശികളെക്കുറിച്ചും പരിശോധിക്കുന്നുണ്ട്. 

is connection nia raid in tamil nadu

അതേസമയം, കേരളത്തിൽ പുതുവത്സര രാവിൽ ചാവേറാക്രമണം നടത്താൻ ഐഎസ് പദ്ധതിയിട്ടതിന്‍റെ കൂടുതൽ വിവരങ്ങളും പുറത്ത് വരുന്നുണ്ട്. കൊച്ചിയിലടക്കം പ്രധാന വിനോദസ‌ഞ്ചാര കേന്ദ്രങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു തീരുമാനമെന്ന് റിയാസ് അബൂബക്ക‍ർ എൻഐഎക്ക് മൊഴി നൽകിയിരുന്നു. സ്ഫോടന സാമഗ്രികൾ സംഘടിപ്പിക്കാൻ റിയാസിനോട് ഐഎസിൽ ചേർന്നവർ നിർദേശിച്ചിരുന്നു എന്നാണ് വിവരം. വിദേശികൾ ഒത്തുകൂടുന്ന ഇടങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. എന്നാൽ ഒപ്പമുള്ളവർ ഇതിനെ പിന്തുണച്ചില്ലെന്നും റിയാസ് മൊഴി നൽകിയിട്ടുണ്ട്. 

"

കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതിനാണ് മുതലമട സ്വദേശി റിയാസ് അബൂബക്കറിനെ അറസ്റ്റുചെയ്തതെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചിരുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഐഎസിൽ ചേരുന്നതിനായി കേരളത്തിൽ നിന്ന്  സിറിയയിലേക്കും അഫ്‍ഗാനിസ്ഥാനിലേക്കും പോയവരാണ് ചാവേറാക്രമണം നടത്തണമെന്ന് തന്നോട് ആവശ്യപ്പെട്ടതെന്നാണ് റിയാസിന്‍റെ മൊഴി. ഇക്കാര്യം തനിക്കൊപ്പമുളളവരോട് പറഞ്ഞെങ്കിലും അവർ അനുകൂലിച്ചില്ല. എന്നാൽ താൻ സ്വന്തം നിലയ്ക്ക് തയാറെടുപ്പുകൾ നടത്തി വരികയായിരുന്നു. ഐഎസിൽ ചേർന്ന റാഷിദാണ് ബോംബ് നിർമാണത്തിന് ആവശ്യമായ സ്ഫോടകവസ്തുക്കൾ ശേഖരിക്കണമന്ന് ആവശ്യപ്പെട്ടതെന്നും മൊഴിയിലുണ്ട്. 

പുതുവ‍ർഷ രാവിൽ വിദേശ സഞ്ചാരികൾ ഏറെയെത്തുന്ന സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ചാവേറാക്രമണം നടത്തണമെന്നായിരുന്നു ലഭിച്ചിരുന്ന നിർദേശം. ഇതിനായി കൊച്ചിയടക്കമുളള നഗരങ്ങളിലെ ചില പ്രധാന കേന്ദ്രങ്ങൾ നിശ്ചയിച്ചിരുന്നു. കേരളത്തിൽ നിന്ന് വിദേശത്തെത്തി ഐ എസിൽ ചേർന്നവർ അറസ്റ്റിലായ റിയാസിനെ പലപ്പോഴായി നെറ്റ് കോളിലൂടെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ പലരും പിന്നീട് അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. റിയാസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലടക്കം എൻഐഎ പരിശോധന തുടരുകയാണ്.

Also Read: കസ്റ്റഡിയിലുള്ള മലയാളികൾക്ക് ശ്രീലങ്കൻ സ്ഫോടനവുമായി നേരിട്ട് ബന്ധമില്ല, ആശയപ്രചാരകരെന്ന് എൻഐഎ

Follow Us:
Download App:
  • android
  • ios