ദില്ലി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ചൈന നമ്മുടെ ഭൂമി കൈയേറി. അത് തിരിച്ചു പിടിക്കാനുള്ള എന്തെങ്കിലും നടപടി കേന്ദ്ര സര്‍ക്കാര്‍ കൈകൊള്ളുമോ.  അതോ അതും ദൈവത്തിന്റെ പ്രവൃത്തിയായി അവശേഷിക്കുമോ -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തുവെന്ന് രാഹുല്‍ തുടക്കത്തിലേ ആരോപിക്കുന്നുണ്ട്. ചൈനക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ നേരത്തെയും രാഹുല്‍ ഗാന്ധി വിമര്‍ശനമുന്നയിച്ചിരുന്നു. ഇടവേളക്ക് ശേഷം അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. 

നേരത്തെ വളര്‍ച്ച താഴോട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോഴാണ് ദൈവത്തിന്റെ പ്രവൃത്തി കാരണമാണ് തകര്‍ച്ചയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്. ഈ വാക്കുകള്‍ കടമെടുത്താണ് രാഹുല്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചത്.