ആലപ്പുഴ നഗരസഭയിലെ 53 വാര്‍ഡുകളില്‍ യു ഡി എഫിന് 23 സീറ്റുകളും എൽ ഡി എഫിന് 22 സീറ്റുകളുമാണ് ഉള്ളത്. ഇതോടെയാണ് ജോസ് ചെല്ലപ്പൻ തുറുപ്പുചീട്ടായി മാറിയത്, ഒടുവിൽ…

ആലപ്പുഴ: ആലപ്പുഴ നഗരസഭ യു ഡി എഫ് ഭരിക്കും. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ സ്വതന്ത്രൻ തീരുമാനം പ്രഖ്യാപിച്ചതോടെയാണ് യു ഡി എഫിന് ആശ്വാസമായത്. ആലപ്പുഴ നഗരസഭയിൽ പിന്തുണ യു ഡി എഫിനെന്നാണ് സ്വതന്ത്രനായി ജയിച്ച ജോസ് ചെല്ലപ്പൻ നിലപാട് പ്രഖ്യാപിച്ചത്. മംഗലം വാർഡിൽ നിന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജോസ് ചെല്ലപ്പൻ വിജയിച്ചത്. വൈസ് ചെയർമാൻ സ്ഥാനമടക്കമുള്ള യു ഡി എഫ് വാഗ്ദാനത്തിനൊടുവിലാണ് ജോസ് തീരുമാനം അറിയിച്ചത്. മുന്നോട്ട് വച്ച ഡിമാൻഡുകൾ യു ഡി എഫ് അംഗീകരിച്ചെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഉപാധികളോടെയാണ് പിന്തുണയെന്നും ആലപ്പുഴയുടെ വികസനമാണ് മുന്നോട്ട് വച്ചതെന്നും ജോസ് ചെല്ലപ്പൻ കൂട്ടിച്ചേർത്തു.

പൊന്നും വിലയുള്ള സ്വതന്ത്രൻ

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത് മുതൽ ആലപ്പുഴയിൽ സ്വതന്ത്രനായി ചരട് വലി ശക്തമായിരുന്നു. ആലപ്പുഴ നഗരസഭയിൽ ഭരണം നിർണയിക്കുന്ന നിർണായക ശക്തിയായതോടെയാണ് സ്വതന്ത്രന് പൊന്നും വിലയായത്. ഭരണം പിടിക്കാൻ എൽ ഡി എഫും യു ഡി എഫും പരിശ്രമം നടത്തിയെങ്കിലും ജോസിന്‍റെ തീരുമാനം വലത്തോട്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാളിലാണ് ജോസ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്. ആലപ്പുഴ നഗരസഭയിലെ 53 വാര്‍ഡുകളില്‍ യു ഡി എഫിന് 23 സീറ്റുകളും എൽ ഡി എഫിന് 22 സീറ്റുകളുമാണ് ഉള്ളത്. ഇതോടെയാണ് ജോസ് ചെല്ലപ്പൻ തുറുപ്പുചീട്ടായി മാറിയത്. എൻ ഡി എ - 5, പി ഡി പി - 1, എസ് ഡി പി ഐ - 1 എന്നിങ്ങനെയാണ് ബാക്കി കക്ഷിനില.