കാശ്മീർ: അംഷിപോരയിൽ വിഘടനവാദികളുമായി സൈന്യം ഏറ്റുമുട്ടി തൊട്ടടുത്ത ദിവസം ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനം ആരംഭിച്ചതായി പ്രഖ്യാപിച്ചു. വിലയാഹ് ഓഫ് ഹിന്ദ് എന്ന അറബിക് പേരിൽ ഇന്ത്യയിലെ പുതിയ പ്രവിശ്യയിൽ പ്രവർത്തനം ആരംഭിച്ചെന്നാണ് പ്രഖ്യാപനം. അമാഖ് വാർത്താ ഏജൻസി വഴിയാണ് അവർ ഇക്കാര്യം പുറത്തുവിട്ടത്.

അംഷിപോരയിൽ നടന്ന ഏറ്റുമുട്ടലിന് പിന്നിൽ തങ്ങളാണെന്നും അവർ അവകാശപ്പെട്ടു. സിറിയ അടക്കമുള്ള സ്വാധീനമേഖലകളിൽ കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ ആഗോള തലത്തിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാവും ഇങ്ങിനെയൊരു നീക്കമെന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ സംശയിക്കുന്നുണ്ട്.

അബൂബക്കർ അൽ ബാഗ്ദാദി മുൻപും ഈ തന്ത്രം പുറത്തെടുത്തിട്ടുണ്ട് എന്നതാണ് അങ്ങിനെ സംശയിക്കാൻ കാരണം. ടെലഗ്രാം വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കാശ്മീരിൽ പ്രവർത്തനം ആരംഭിച്ചെന്ന് പറഞ്ഞത്. തങ്ങളുടെ അംഗങ്ങൾ മെഷീൻ ഗണ്ണുകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യവുമായി ഷോപിയാൻ ജില്ലയിലെ അംഷിപോരയിൽ സൈന്യത്തോട് ഏറ്റുമുട്ടിയെന്നും ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയെന്നുമാണ് വാദം.