ദില്ലി: രാജ്യത്തെ ജൂത, ഇസ്രയേല്‍ വിശ്വാസികള്‍ക്ക് നേരെ ഭീകരാക്രമണ പദ്ധതിയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ജൂതമത വിശ്വാസികളുടെ പുണ്യദിന ആഘോഷങ്ങൾ അടുത്ത മാസം നടക്കാനിരിക്കെയാണ് ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അല്‍ഖ്വയ്ദ ഭീകരരാണ് ജൂത വിശ്വാസികള്‍ക്ക് നേരെ ആക്രമണ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് ഇന്‍റലിജന്‍സ് മുന്നറിയിപ്പെന്ന് ദേശീയ മാധ്യമമായ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

സെപ്തബര്‍ അവസാന ദിനങ്ങളിലും ഒക്ടോബര്‍ മാസങ്ങളിലാണ് ജൂതമത വിശ്വാസികളുടെ ആഘോഷങ്ങള്‍ക്ക് നേരെയും ജൂത ദേവാലയങ്ങൾ, സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവക്ക് നേരെയും അക്രമണത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂത മത വിശ്വാസികളുടെ പുതുവര്‍ഷമായ റോഷ് ഹാഷനാ, യോം കിപ്പൂര്‍ (ജൂതമത വിശ്വാസികളുടെ പുണ്യദിനം), സക്കാത്ത് എന്നിവ അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

ദില്ലിയിലുള്ള ഇസ്രയേല്‍ എംബസിക്ക് നേരെയും ആക്രമണ സാധ്യതയുള്ളതായി ഇന്‍റലിജന്‍സ് വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച വിവരം ഇസ്രയേലിനെ അറിയിച്ചതായാണ് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ഇന്ത്യയുടെ നീക്കത്തിനെ ഇസ്രയേല്‍ പിന്തുണച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള ഇസ്രയേല്‍ക്കാര്‍ക്ക് എതിരെയും ആക്രമണ സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് വിശദമാക്കുന്നു.

തുടര്‍ച്ചയായി വരുന്ന അവധി ദിവസങ്ങളില്‍ നിന്ന് ഇസ്രയേലില്‍ നിന്ന് ഏറെ സഞ്ചാരികള്‍ ഇന്ത്യയിലെത്തുമെന്നാണ് വിലയിരുത്തുന്നത്. ഇവര്‍ തങ്ങാന്‍ സാധ്യതയുള്ള ഹോട്ടലുകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്രയേല്‍ക്കാര്‍ക്കെതിരെ അല്‍ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമായാണ് ഇന്ത്യയിലെ ആക്രമണങ്ങളും പദ്ധതിയിടുന്നതെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.

ദില്ലിയിലെ ഇസ്രയേല്‍ എംബസിക്കും സിനഗോഗുകളിലും ജൂത സ്കൂളുകളും ഹോട്ടലുകളും ഉള്‍പ്പെടെയുള്ളവയ്ക്ക് നേരെ ആക്രമണ സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് ഇന്‍റലിജന്‍സ് വ്യക്തമാക്കി. ആവശ്യമായ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസിനും കേന്ദ്ര സേനകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദില്ലിയിലെ ജൂത സ്കൂളുകള്‍ക്കും ജൂതമതവിശ്വാസികളുടെ സ്ഥാപനങ്ങള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.