സ്ഫോടനത്തില്‍ ടൈമർ ഉപയോഗിച്ചതായും പൊലീസ് അനുമാനം ഉണ്ട്. ടൈമറിനോട് സമാനമായ വസ്തു സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു.

ദില്ലി: ദില്ലി ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനത്തിൽ അന്വേഷണം ഇഴയുന്നു. കേസില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്ത
പൊലീസ് സംശയാസ്പദായ സാഹചര്യത്തില്‍ സിസിടിവിയില്‍ കണ്ടെത്തിയ ആളുടെ രേഖചിത്രം തയ്യാറാക്കുകയാണ്. അതേസമയം അന്വേഷണം എൻഐഎയ്കക്കോ പ്രത്യേക സെല്ലിനോ കൈമാറാനാണ് സാധ്യതയുണ്ടെന്നാണ് സൂചന. ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനമുണ്ടായി മൂന്ന് ദിവസത്തിന് ശേഷമാണ് ദില്ലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. പ്രത്യേകം ആരുടെയും പേര് ഉള്‍പ്പെടുത്താതെയാണ് എംബസിക്ക് സമീപമുള്ള തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

സംഭവം നടന്ന് 5 ദിവസം പിന്നിടുമ്പോഴും കേസില്‍ കാര്യമായ തുമ്പ് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഹിന്ദി അറിയാത്ത ഒരാളെ പ്രദേശത്ത് ഇറക്കിയിരുന്നുവെന്ന ഓട്ടോ ഡ്രൈവറുടെ മൊഴി അനുസരിച്ച് ഇയാളെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്. പൃഥിരാജ് റോഡില്‍ ഇറക്കിയ ഇയാള്‍ മൂന്നോ നാലോ മിനിറ്റിനുള്ളില്‍ മറ്റൊരു ഓട്ടോയില്‍ കയറി പോയെന്നാണ് പൊലീസ് കണ്ടെത്തല്‍. നീല ജാക്കറ്റ് ധരിച്ച ഇയാളെ തിരിച്ചറിയാൻ ദില്ലി നഗരത്തിലെ കൂടുതല്‍ ക്യാമറകള്‍ പരിശോധിക്കും. നിലവിൽ ക്യാമറകളില്‍ കണ്ടെത്തിയ 12 പേരില്‍ ആർക്കെങ്കിലും സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. 

സ്ഫോടനത്തില്‍ ടൈമർ ഉപയോഗിച്ചതായും പൊലീസ് അനുമാനം ഉണ്ട്. ടൈമറിനോട് സമാനമായ വസ്തു സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച രാസവസ്തുക്കൾ എന്താണെന്ന് വ്യക്തമായിട്ടില്ല, ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്ന് ദില്ലി പൊലീസ് പറഞ്ഞു. സ്ഫോടന സാമ്പിൾസ് റിപ്പോർട്ട് ദില്ലി പൊലീസ് മുദ്രവെച്ച കവറില്‍ സൂക്ഷിക്കും. പൊട്ടാസ്യം ക്ലോറേറ്റ്, അമോണിയം നൈട്രേറ്റ് തുടങ്ങിയ ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുണ്ടെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിലെ അന്വേഷണം എൻഐഎയ്കക്കോ പ്രത്യേക സെല്ലിനോ കൈമാറാനാണ് സാധ്യത. രണ് വർഷം മുൻപ് ഇസ്രയേല്‍ എംബസിക്ക് മുന്‍പിലുണ്ടായ ബോംബ് സ്ഫോടനവും എൻഐഎ അന്വേഷിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല.

Read More : കോടികളുടെ സ്വത്ത്, 6 മില്യൺ ഡോളറിന്‍റെ ബംഗ്ലാവ്; ഇന്ത്യൻ വംശജരായ കുടുംബം യുഎസിൽ മരിച്ച നിലയിൽ, കടക്കെണി ?