ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വികെ ശശികലയുടെ 1600 കോടിയുടെ സ്വത്ത് കണ്ട് കെട്ടി. ബിനാമി പേരിലുണ്ടായിരുന്ന സ്വത്ത് വകകളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. നോട്ട് നിരോധനത്തിന് പിന്നാലെ ഒരു മാസത്തിനകമാണ് കോടികളുടെ സ്വത്ത് ശശികല ബിനാമി പേരില്‍ വാങ്ങികൂട്ടിയത്.

ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്താണ് ബിനാമി പേരില്‍ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ കോടികളുടെ സ്വത്ത് ശശികല സ്വന്തമാക്കിയത്. 2016 നവംബറില്‍ അഞ്ഞൂറ് ആയിരം രൂപ നോട്ടുകള്‍ നിരോധിച്ച് ഒരു മാസത്തിനകമാണ് തിടുക്കപ്പെട്ട് വസ്തുവകകള്‍ വാങ്ങിയത്. 

ശശികലയുടെ വീട്ടുജോലിക്കാരി, ഡ്രൈവര്‍, പേഴ്സണല്‍ അസിസ്റ്റന്‍റ് എന്നിവരുടെ പേരിലാണ് വസ്തുവകകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2017ല്‍ ഓപ്പറേഷൻ ക്ലീന്‍ മണി എന്ന പേരില്‍ പോയ്സ് ഗാര്‍ഡനില്‍ ഉള്‍പ്പടെ നടത്തിയ റെയ്ഡിലാണ് അനധികൃത സ്വത്തിന്‍റെ രേഖകള്‍ പുറത്ത് വന്നത്. ചെന്നൈയിലെ മാള്‍, പുതുച്ചേരിയിലെ ജ്വല്ലറി, പേരംമ്പൂരിലെ റിസോര്‍ട്ട്, കോയമ്പത്തൂരിലെ പേപ്പര്‍ മില്‍ ഉള്‍പ്പടെ ഒന്‍പത് വസ്തുവകകളാണ് കണ്ടുകെട്ടിയത്. 

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണെങ്കിലും സ്ഥാപനങ്ങളുടെ നടത്തിപ്പ് ശശികലയുടെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു. 2016 നവംബര്‍ എട്ടിനും ഡിസംബര്‍ 30നുമിടയില്‍ തമിഴ്നാട്ടില്‍ ഉടനീളം മന്നാര്‍ഗുഡി കുടുംബം ഭൂമി ഇടപാട് നടത്തിയതിന്‍റെ വിശദാംശങ്ങള്‍ ആദായ നികുതി വകുപ്പിന് ലഭിച്ചിരുന്നു. അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവും ശശികലയുടെ അനന്തരവനുമായ ടിടിവി ദിനകരന്‍റെ ബിസിനസ് സ്ഥാപനങ്ങളും ആദായ നികുതി വകുപ്പ് നിരീക്ഷണത്തിലാണ്.