വിദേശത്ത് നിന്നുള്ള ഡോക്ടര്‍മാര്‍ വ്യക്തിപരമായി ജയലളിതയോട് വിദേശത്ത് പോയി ചികിത്സിക്കുന്നതിനേക്കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ ചെന്നൈ മെഡിക്കല്‍ ഹബ്ബാണെന്ന് ചൂണ്ടിക്കാണിച്ച് ഡോക്ടര്‍മാരുടെ അടക്കം നിര്‍ദ്ദേശം ജയലളിത തള്ളുകയായിരുന്നു

ചെന്നൈ: വിദേശത്തെ ചികിത്സയെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം തള്ളിയത് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെന്ന് തോഴി വി കെ ശശികല. 2016ല്‍ ജയലളിത ചെന്നൈയിലെ ആശുപത്രിയില്‍ രോഗാവസ്ഥയിലായിരുന്നപ്പോള്‍ ജയലളിതയെ വിദേശത്ത് കൊണ്ട് പോയി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആവശ്യത്തിന് ജയലളിത വഴങ്ങിയില്ലെന്ന് ശശികല വിശദമാക്കി. ജയലളിതയുടെ മരണത്തിൽ ദുരൂഹതയെന്ന ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ വന്നതിന് പിന്നാലെയാണ് ശശികല ഈ വിഷയത്തില്‍ മൗനം വെടിയുന്നത്. 

വിദേശത്ത് നിന്നുള്ള ഡോക്ടര്‍മാര്‍ വ്യക്തിപരമായി ജയലളിതയോട് വിദേശത്ത് പോയി ചികിത്സിക്കുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ ചെന്നൈ മെഡിക്കല്‍ ഹബ്ബാണെന്ന് ചൂണ്ടിക്കാണിച്ച് ഡോക്ടര്‍മാരുടെ അടക്കം നിര്‍ദ്ദേശം ജയലളിത തള്ളുകയായിരുന്നു. ജയലളിതയുടെ രോഗം ഭേദമായി വരുന്നുമുണ്ടായിരുന്നു. എന്നാല്‍ പെട്ടന്ന് ഒരു ദിവസം ഹൃദയാഘാതമുണ്ടായി. ടിവി കണ്ടുകൊണ്ട് ഇരിക്കുന്നതിനിടയിലായിരുന്നു ഇതെന്നും ശശികല പറയുന്നു. തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ സമ്മാനിക്കാന്‍ ജയലളിതയാണ് ഉത്തരവിട്ടതെന്നും ശശികല പറയുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് മറച്ചുവയ്ക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല എന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളി ശശികല പ്രതികരിച്ചു. ചെന്നൈ ഹാള്‍സ് റോഡിലുള്ള വൃദ്ധമന്ദിരത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

ഒക്ടോബര്‍ രണ്ടാ വാരത്തിലായിരുന്നു ജയലളിതയുടെ മരണം അന്വേഷിക്കാനായി സർക്കാർ നിയോഗിച്ച കമ്മീഷന്‍ ജയലളിതയുടെ മരണത്തിലെ ദുരൂഹതയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2016 സെപ്റ്റംബർ 22ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങൾ രഹസ്യമാക്കി വച്ചു. ഗുരുതര ഹൃദ്രോഗമുണ്ടായിരുന്ന ജയലളിതയ്ക്ക് അമേരിക്കയിലുള്ള ഡോക്ടർമാർ ആൻജിയോപ്ലാസ്റ്റിയോ ശസ്ത്രക്രിയയോ വേണമെന്ന് ശുപാർശ ചെയ്തിരുന്നെങ്കിലും നടത്തിയില്ല. എയിംസിലെ മെഡിക്കൽ സംഘം ചികിത്സാ കാലയളവിനിടെ ജയലളിത ചികിത്സയിലിരുന്ന അപ്പോളോ ആശുപത്രി സന്ദർശിച്ചെങ്കിലും മുൻ മുഖ്യമന്ത്രിക്ക് ശരിയായ ചികിത്സ കിട്ടിയില്ല. ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കൽ റിപ്പോർട്ടുകളിൽ വലിയ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും ജസ്റ്റിസ് അറുമുഖ സ്വാമി ചൂണ്ടിക്കാട്ടുന്നു.

ജയലളിതയുടെ ആരോഗ്യനിലയെപ്പറ്റി ചികിത്സാസംഘം വ്യാജ പ്രസ്താവനകളിറക്കി. ജയലളിതയുടെ മരണ സമയം സംബന്ധിച്ചും വ്യക്തത കുറവുണ്ട്. മരണം സംഭവിച്ചെങ്കിലും ആ വിവരം മറച്ചു വച്ചു. ഒരു ദിവസം കഴിഞ്ഞാണ് മരണ വിവരം പുറത്തുവിട്ടതെന്ന് ദൃക്സാക്ഷി മൊഴികളിൽ നിന്ന് വ്യക്തമാകുന്നതായും അന്വേഷണ റിപ്പോർട്ടിലുണ്ട്. 2015 ഡിസംബർ 5ന് രാത്രി 11.30ന് മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. എന്നാൽ ഡിസംബർ 4ന് ഉച്ചക്ക് ശേഷം 3നും 3.30നും ഇടയിലാകണം മരണമെന്ന് തെളിവുകളേയും ദൃക്സാക്ഷികളേയും ഉദ്ധരിച്ച് റിപ്പോർട്ടിൽ വിശദമാക്കിയിരുന്നു. ജയലളിതയുടെ തോഴി ശശികല, ഡോ.ശിവകുമാർ, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ. ജെ.രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി സി.വിജയ് ഭാസ്കർ എന്നിവർക്കെതിരെ കേസെടുക്കാനും കമ്മീഷൻ നിർദേശിച്ചിരുന്നു.